ലണ്ടൻ: കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും വിവര ശേഖരണം നടത്തിയതായി വെളിപ്പെടുത്തൽ. 2007 ലാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്‌ലി വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് വെയ്‌ലി ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ജിഹാദി പ്രസ്ഥാനങ്ങളോടുളള സമീപനം, അത്തരം പ്രസ്ഥാനങ്ങളിലേക്ക് പോകാൻ ജനങ്ങൾ താൽപര്യപ്പെടുന്നുണ്ടോ, അതെന്തു കൊണ്ടാണ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. കേരളത്തിനുപുറമേ ഉത്തർ പ്രദേശ്, ബംഗാൾ, ജാർഖണ്ട്, അസം എന്നീ സംസ്ഥാനങ്ങളിലും സമാനമായ വിവരശേഖരണം നടത്തിയെന്നും വെയ്‌ലി ട്വീറ്റിൽ പറയുന്നു. അതേസമയം, കേരളത്തിൽ ആർക്കുവേണ്ടിയാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് വെയ്‌ലി വെളിപ്പെടുത്തിയിട്ടില്ല.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പുറത്തുവന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കമ്പനി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് നിരവധി പത്രപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവിടുന്നതെന്നും വെയ്‌ലി ട്വീറ്റിൽ പറയുന്നു.

ജെഡിയുവുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചിട്ടുണ്ടെന്ന് ക്രിസ്റ്റഫർ വെയ്‍ലി വെളിപ്പെടുത്തിയിട്ടുണ്ട്. 2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്‍ലി വ്യക്തമാക്കി. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമുണ്ടെന്ന് വെയ്‌ലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക ഗവേഷണ വിഭാഗം മുന്‍ഡയറക്ടറാണ് വെയ്‌ലി.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വിവരം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയെന്നാണ് പുറത്തുവന്ന വിവരം. കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫർ വൈലി നൽകിയ വിവരങ്ങളുടെ സഹായത്തോടെയാണ് യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ