നാഗ്‌പൂർ: ആള്‍ക്കൂട്ട ആക്രമണം എന്നത് പാശ്ചാത്യ വാക്കാണെന്നും ഇന്ത്യയെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഈ വാക്ക് ഒഴിവാക്കണമെന്നും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയെ അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ വാക്ക് ഉപയോഗിക്കുന്നതെന്നും അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

“ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് നിരന്തരം ഉപയോഗിച്ച് ചിലര്‍ രാജ്യത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്ന് രൂപപ്പെട്ട വാക്കാണ് ഇത്. ഭരണഘടനയും നിയമങ്ങളും പാലിക്കപ്പെടാനുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായി പാലിക്കപ്പെടണം. ആരും പരിധി കടക്കരുത്. സമൂഹത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകരുത്. തെറ്റുകള്‍ക്ക് ഇപ്പോഴുള്ള ശിക്ഷ പോരെങ്കില്‍ പുതിയ ശിക്ഷാനിയമങ്ങള്‍ കൊണ്ടുവരണം.” മോഹന്‍ ഭാഗവത് പറഞ്ഞു.

ബൈബിളില്‍ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ വാക്കാണെന്നു മോഹന്‍ ഭാഗവത് വാദിച്ചത്. പാപിനിയായ മറിയത്തെ കല്ലെറിയാന്‍ ആള്‍ക്കൂട്ടം വന്നതും യേശുക്രിസ്‌തു അവരെ തടഞ്ഞുകൊണ്ട് ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ’ എന്നു പറഞ്ഞതുമായ സുവിശേഷ ഭാഗമാണ് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയത്.

Read Also: സ്വയം തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തി സ്ത്രീകള്‍ക്കുണ്ട്, പുരുഷന്‍മാര്‍ ഇടപെടേണ്ട: മോഹന്‍ ഭാഗവത്

“നൂറ് കേസുകളില്‍ രണ്ടോ മൂന്നോ മാത്രമായിരിക്കും ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ടത്. അതും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ആൾക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് പലരും പ്രചരിപ്പിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആര്‍എസ്എസ് ചെയ്യില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇതൊരു ഗൂഢാലോചനയാണ്.” ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ച വിഷയം പരാമർശിച്ച് മോഹൻ ഭാഗവത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook