ന്യൂഡല്‍ഹി: അച്ചടക്കം ഉണ്ടാക്കാനുളള ശ്രമങ്ങളെ ‘ഏകാധിപത്യം’ എന്നാണ് ഇക്കാലത്ത് രാജ്യത്ത് വിളിപ്പേര് ഇടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മോദിയുടെ വാക്കുകള്‍. അച്ചടക്കത്തിന്റെ ഉദാഹരണമാണ് വെങ്കയ്യ നായിഡുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ പുകഴ്ത്തി.

എന്നാല്‍ രാജ്യത്ത് അച്ചടക്കത്തെ ജനാധിപത്യവിരുദ്ധമെന്ന് വിളിക്കുന്ന മാറ്റം പെട്ടെന്ന് ഉണ്ടായതായും മോദി പറഞ്ഞു. ‘ഒരാള്‍ അച്ചടക്കത്തിന് ശ്രദ്ധ ചെലുത്തിയാല്‍ അയാളെ ഒരു ഏകാധിപതിയായി മുദ്രകുത്തും. മുഴുവന്‍ ഡിക്ഷ്ണറിയും തുറന്ന് കുറ്റപ്പെടുത്തും. പാര്‍ട്ടിയുടെ ഭാഗമായിരുന്നപ്പോള്‍ വെങ്കയ്യ ജി വളരെ അച്ചടക്കത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നായിഡുവിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് അടല്‍ജിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഗ്രാമവികസന മന്ത്രാലയമാണ് തനിക്ക് വേണ്ടതെന്നാണ് വെങ്കയ്യ പറഞ്ഞത്. ഹൃദയം കൊണ്ട് അദ്ദേഹം ഒരു കര്‍ഷകനാണ്. കര്‍ഷകരുടേയും കൃഷിയുടേയും ക്ഷേമത്തിനായാണ് അദ്ദേഹം സ്വയം സമര്‍പ്പിച്ചിട്ടുളളത്’, മോദി പറഞ്ഞു.

ഉപരാഷ്ട്രപതിയായി ഒരു വര്‍ഷത്തിനുളളില്‍ തന്നെ വെങ്കയ്യ നായിഡു തന്റെ പ്രവര്‍ത്തനപരിചയത്തിന്റെ ഫലം കാണാനുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം ഇനി വരാന്‍ ഇരിക്കുന്നതേ ഉളളുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook