മുംബൈ: മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താതെ ശിവസേന. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം ശിവസേനയ്‌ക്ക് നൽകുമെങ്കിൽ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നല്‍കിയ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബിജെപിയുമായുള്ള സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു ബിജെപി നല്‍കിയ വാക്കു പാലിക്കണം. അധികാരം തുല്യമായി പങ്കുവയ്ക്കണം. ഇതിനായി ചര്‍ച്ചകള്‍ നടത്താനും തയ്യാറാണ്. രണ്ടര വര്‍ഷത്തേക്ക് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ തയ്യാറാണെങ്കില്‍ ബിജെപിക്ക് എന്നെ വിളിക്കാം. അല്ലെങ്കില്‍ വേണ്ട” താക്കറെ പറഞ്ഞു.

Read Also: പാലില്‍ സ്വര്‍ണമുണ്ടെന്ന് ബിജെപി നേതാവ്; വായ്‌പയ്ക്ക് പശുവുമായെത്തി കർഷകൻ

ബിജെപിയുടെ മൂലയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. സ്വാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ആരുടെയും തണലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ തന്ന വാക്കു പാലിക്കാന്‍ ബിജെപി തയ്യാറല്ലെങ്കില്‍ പിന്നെ ചര്‍ച്ചകള്‍ കൊണ്ട് എന്തുകാര്യം? ഉദ്ധവ് താക്കറെ ചോദിച്ചു. മുംബൈയില്‍ ശിവസേന എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് താക്കറെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഇതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശിവസേന തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനം. ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

Read Also: റിസോര്‍ട്ട് രാഷ്ട്രീയം മാഹാരാഷ്ട്രയിലും; ശിവസേന എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റുന്നു

നേരത്തെ, ഇരുപതോളം ശിവസേന എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ ബിജെപിയുമായും ദേവന്ദ്ര ഫഡ്‌നാവിസുമായി ചില ശിവസേന എംഎല്‍എമാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ബിജെപി പറഞ്ഞിരുന്നു. ഇതോടെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശിവസേന തീരുമാനിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഒരു ദിവസം മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബാക്കിയുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook