ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫുൾ കോർട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാർ രംഗത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്കി രണ്ട് ദിവസത്തിന് ഇപ്പുറമാണ് സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജിമാര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ച് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്യും മദൻ.ബി.ലോക്കൂറും ദീപക് മിശ്രയ്ക്ക് കത്ത് നല്കി.
അധികാരസ്ഥാപന സംബന്ധമായ ചര്‍ച്ചകളും കോടതിയുടെ ഭാവി പരിപാടികളും ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാണ് ആവശ്യം. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷയങ്ങൾ ഉയരുന്ന സമയത്താണ് സാധാരണയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഫുൾകോർട്ട് വിളിക്കാറുള്ളത്. സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്നാണ് ചട്ടം. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ ഈ ആവശ്യം മുന്നോട്ട് വച്ചത്. കൂടുതൽ ജഡ്ജിമാർ ഈ ആവശ്യവുമായി രംഗത്തെത്തിയെന്നാണ് വിവരം.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ നോട്ടീസ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു തളളിയിരുന്നു. അതേസമയം, ജസ്റ്റിസ് മിശ്ര കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ നടന്ന ജഡ്ജിമാരുടെ യോഗത്തിലും പിന്നീട് ചായ സമയത്തും ജഡ്ജിമാർ ഫുൾകോർട്ട് സംബന്ധിച്ച് വിഷയം അവതരിപ്പിച്ചങ്കിലും ചീഫ് ജസ്റ്റീസ് പ്രതികരിച്ചില്ലെന്നാണ് വിവരം.