scorecardresearch
Latest News

ഓണ്‍ലൈന്‍ ഗെയിം; 30 ലക്ഷം നഷ്ടമായി, യുവാവ് ജീവനൊടുക്കി

ഓൺലെെൻ റമ്മി, മറ്റ് ചൂതാട്ട ഓൺലെെൻ ഗെയിമുകൾ എന്നിവ നിരോധിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ഓണ്‍ലൈന്‍ ഗെയിം; 30 ലക്ഷം നഷ്ടമായി, യുവാവ് ജീവനൊടുക്കി

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ അടച്ചുപൂട്ടൽ വന്നതോടെ രാജ്യത്ത് ഓൺലെെൻ ഗെയ്‌മിങ് സജീവമായിരിക്കുകയാണ്. കുട്ടികളും യുവാക്കളും അടക്കം നിരവധി പേരാണ് ഓൺലെെൻ ഗെയ്‌മുകളിൽ സമയം ചെലവഴിക്കുന്നത്. എന്നാൽ, ഇതിനു മറ്റൊരു ദൂഷ്യഫലം കൂടിയുണ്ട്. പലർക്കും വലിയ രീതിയിൽ പണം നഷ്ടപ്പെടുന്നു. ആദ്യം ചെറിയ തുകയ്‌ക്ക് ഓൺലെെനിലൂടെ ഗെയിം കളിക്കുന്നവർ പിന്നീട് വലിയ തുക വരെ ചെലവഴിക്കാൻ തയ്യാറാകുന്നു. അങ്ങനെയൊരു ജീവൻ നഷ്ടമായിരിക്കുകയാണ് രാജ്യത്ത്.

ഓണ്‍ലൈന്‍ ഗെയ്‌മിലൂടെ 30 ലക്ഷം രൂപ നഷ്ടപ്പെട്ട പുതുച്ചേരി സ്വദേശി വിജയ്‌കുമാറാണ് ആത്മഹത്യ ചെയ്‌തു. ഓണ്‍ലൈന്‍ ഗെയ്‌മിലൂടെ ഭീമമായ തുക നഷ്ടപ്പെട്ടെതിൽ നിരാശകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിജയകുമാർ ഭാര്യയ്‌ക്ക് വാട്‌സാപ്പിലൂടെ ഓഡിയോ സന്ദേശവും അയച്ചു. ഓണ്‍ലൈന്‍ റമ്മി ഗെയ്‌മിലൂടെയാണ് വിജയകുമാറിന് 30 ലക്ഷം രൂപ നഷ്ടമായത്. ഓണ്‍ലൈന്‍ ഗെയ്‌മുകൾ നിരോധിക്കണമെന്ന് ഇയാൾ ഭാര്യയ്‌ക്ക് അയച്ച വാട്‌സാപ്പ് ഓഡിയോ സന്ദേശത്തിൽ പറയുന്നു.

Read Also: ഇനിയെന്താ വരയ്‌ക്കണ്ടേ?; ഉമ്മൂമ തിരക്കിലാണ്, ഓൺലെെൻ ക്ലാസിലെ ‘ചെറിയ’ വലിയ കുട്ടി

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ സ്വസ്ഥതയോടെ ഉറങ്ങുന്നില്ല. 30 ലക്ഷത്തോളം രൂപ ഓൺലെെൻ ഗെയ്‌മിലൂടെ എനിക്ക് നഷ്ടമായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാൻ ഗെയിം കളിച്ചിരുന്നു. മദ്യത്തെ പോലെ ഞാൻ ഇതിനു അടിമപ്പെട്ടു. ഇതിൽ നിന്നു പുറത്തുകടക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്യാൻ പോകുന്ന ഈ സമയത്ത് പോലും ഗെയിം ഒരിക്കൽ കൂടി കളിക്കാൻ എനിക്ക് തോന്നുന്നുണ്ട്. ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. വീട്ടിൽ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർത്തു. നീ നന്നായി നമ്മുടെ മക്കളെ നോക്കണം. പറ്റുമെങ്കിൽ ഈ സന്ദേശം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിക്കണം. ഓൺലെെൻ ഗെയ്‌മുകൾ നിരോധിക്കണം. എന്നെപ്പോലെ എത്രയോ പേർ ഇതിനു അടിമപ്പെട്ടു കാണും. അവരെ രക്ഷിക്കാൻ എങ്കിലും ഇത് ഉപകരിക്കും.” വിജയ്‌കുമാർ ഭാര്യയ്‌ക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു

വിജയകുമാർ

കോവിഡ് അടച്ചുപൂട്ടൽ സമയത്താണ് വിജയ്‌കുമാർ ഓൺലെെൻ ഗെയിം ആരംഭിച്ചത്. ആദ്യം കളിച്ച് 10,000 രൂപ നേടാൻ സാധിച്ചു. പണം ഇങ്ങോട്ട് കിട്ടിയതോടെ വിജയ്‌കുമാർ കൂടുതൽ തുക നിക്ഷേപിച്ച് കളിക്കാൻ ആരംഭിച്ചു. വർഷങ്ങളായി അധ്വാനിച്ചു നേടിയതെല്ലാം ഓൺലെെൻ ഗെയ്‌മിലേക്ക് നിക്ഷേപിച്ചു. പതുക്കെ പതുക്കെ എല്ലാം നഷ്ടപ്പെടുകയായിരുന്നു.

Read Also: വീടിനുള്ളിൽ ചൂതാട്ടം; തമിഴ്നടൻ ഷാമിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

തന്റെ ഭർത്താവ് ഇതുപോലെ ഓൺലെെൻ ഗെയ്‌മിനു അടിമപ്പെട്ട വിവരം തനിക്ക് അറിയില്ലായിരുന്നു എന്ന് വിജയ്‌കുമാറിന്റെ ഭാര്യ മധുമിത പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപ് വിജയകുമാർ നിരവധി സുഹൃത്തുക്കളെ വിളിച്ച് ലക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഓൺലെെൻ ഗെയ്‌മിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള അവസാനശ്രമമെന്ന രീതിയിലായിരിക്കും സുഹൃത്തുക്കളോട് പണം കടം ചോദിച്ചതെന്ന് ഭാര്യ സംശയിക്കുന്നു. “ഓൺലെെൻ ഗെയ്‌മിലൂടെ കുറച്ച് പണം നഷ്ടപ്പെട്ടു എന്നു അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, 30 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. ഒരു നേരംപോക്കിനു വേണ്ടി മാത്രമാണ് താൻ കളിച്ചിരുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. പണം ചെലവഴിച്ചാണ് കളിച്ചിരുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്,” മധുമിത പറഞ്ഞു.

വിജയ്‌കുമാറിന്റെ മരണത്തോടെ ഓൺലെെൻ ഗെയ്‌മുകൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി മന്ത്രി രവിശങ്കർ പ്രസാദിന് കത്തെഴുതിയിട്ടുണ്ട്. ഓൺലെെൻ റമ്മി, മറ്റ് ചൂതാട്ട ഓൺലെെൻ ഗെയിമുകൾ എന്നിവ നിരോധിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Call for ban on online games rummy game