മുംബൈ: ഫോണ്‍കോള്‍ വിവരം ചോര്‍ത്തിയ കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെ ക്രൈം ബ്രാഞ്ച് വീണ്ടും സമന്‍സ് അയക്കും. താനെ പൊലീസ് അയച്ച സമന്‍സില്‍ ഹാജരാവാന്‍ താരം അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നടപടി സ്വീകരിക്കുക. സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ സമീപിച്ചാണ് താരം രഹസ്യമായി കോള്‍ വിവരം ചോര്‍ത്തിയതെന്ന് താനെ പൊലീസ് വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ വനിതാ ഡിറ്റക്ടീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെയാണ് താനെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 9ന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചത്. എന്നാല്‍ വെളളിയാഴ്ച്ച അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ അഭിഭാഷകനായ റിസ്വാന്‍ സിദ്ധിഖിയേയും താനെ പൊലീസ് സമന്‍സ് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം താനെ പൊലീസിന് മൊഴി നല്‍കി
സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായത്തോടെ ഭാര്യയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 29ന് താനെയില്‍ നിരവധി ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയതിന് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ നിന്നാണ് സിദ്ദിഖി അടക്കം നിരവധി പ്രമുഖര്‍ ഫോണ്‍ വിളി ചോര്‍ത്തിയതായി വ്യക്തമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ