ലക്നൗ: ഉത്തര്‍പ്രദേശില്‍ മനുഷ്യന് സമാനമായ മുഖവുമായി ജനിച്ച പശുക്കുട്ടി വിഷ്ണു ഭഗവാന്റെ അവതാരമാണെന്ന് വിശ്വാസികള്‍. മനുഷ്യന്റേതിന് സമാനമായ വായയും കണ്ണുകളും ചെവികളുമായി ജനിച്ച പശുക്കുട്ടി ചത്തുപോയെങ്കിലും ചില്ലിട്ട് വെച്ച് വിശ്വാസികള്‍ക്ക് ആരാധിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് മുസാഫര്‍നഗറിലെ പച്ചെണ്ടയില്‍. വിഷ്ണു ഭഗവാന്റെ അവതാരമായ ഗോകരനാണ് ജന്മമെടുത്തതെന്നാണ് വിശ്വാസികളുടെ പക്ഷം.

കഴുത്തിന് ചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് ഒരു ചില്ല് പെട്ടിക്കകത്താണ് പശുവിനെ സൂക്ഷിച്ചിരിക്കുന്നത്. വരുന്നവര്‍ വരുന്നവര്‍ പണവും മറ്റ് വിലകൂടിയ വസ്തുക്കളും സംഭാവനയായി നല്‍കുന്നുമുണ്ട്.
പശുവിനെ അടക്കം ചെയ്തതിന് ശേഷം ആ സ്ഥലത്ത് ഒരു അമ്പലം പണിയാനും നാട്ടുകാര്‍ പദ്ധതിയിടുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ജനന വൈകല്യം മാത്രമാണ് ഇതെന്ന് മൃഗഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും വിശ്വാസികള്‍ വിട്ടുകൊടുത്തില്ല. ദൈവം ഒരു പശുവിന്റ ശരീരത്തിലൂടെ പിറവി എടുത്ത് അവതരിച്ചുവെന്നാണ് പ്രദേശവാസിയായ മഹേഷ് കത്തൂരിയ പറയുന്നത്. ഭഗവത പുരാണത്തില്‍ പറഞ്ഞ അവതാരമാണിതെന്നും അനുഗ്രഹം തേടിയാണ് താന്‍ വന്നതെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ