കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിൽ രഥയാത്ര നടത്താനുളള ബിജെപി നീക്കത്തിന് വീണ്ടും തിരിച്ചടി. ഇന്നലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുകൂല വിധി ഇന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രഥയാത്ര നടത്താനിരുന്നത്.

ബിജെപിയുടെ രഥയാത്രയ്ക്ക് ആദ്യം തടസവാദം ഉന്നയിച്ചത് ബംഗാൾ സർക്കാരാണ്. രഥയാത്ര വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. വെസ്റ്റ് ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നാണ് ഇന്നലെ ബിജെപിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

ബിജെപിയുടെ രഥയാത്രയ്ക്ക് നിയന്ത്രണങ്ങളും ഹൈക്കോടതി ഏർപ്പെടുത്തി.  ഡിസംബർ 7, 9, 14 തീയതികളിലായി ബംഗാളിൽ മൂന്ന് രഥയാത്രകൾ നടത്താനായിരുന്നു ബിജെപി ആദ്യം പദ്ധതിയിട്ടിരുന്നത്. ഒക്ടോബറിൽ തന്നെ അനുമതിക്കായി പാർട്ടി നേതൃത്വം അപേക്ഷയും നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും രഥയാത്രയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ന് രാവിലെയാണ് മമത ബാനർജി സർക്കാർ വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook