ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വാറന്റ് സ്വീകരിക്കില്ലെന്ന് കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്.കർണൻ വ്യക്തമാക്കി. പകരം ഡിവിഷൻ ബഞ്ചിലെ അംഗങ്ങൾ തനിക്കേറ്റ മാനനഷ്ടത്തിന് പകരമായി 14 കോടി രൂപ നൽകണമെന്നും ഉത്തരവിട്ടു. ഇതോടെ ജസ്റ്റിസ് കർണൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദം ജാമ്യമില്ല അറസ്റ്റ് വാറന്റിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയാണുള്ളത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ വാറന്റ് തള്ളിക്കളഞ്ഞ ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കർണന്റെ നടപടിയും രാജ്യത്ത് മുൻപ് കേട്ടുകേൾവിയില്ലാത്തതാണ്.

കോടതിയലക്ഷ്യ കേസിൽ ഹാജരാകണമെന്ന സുപ്രിം കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിനായി ജസ്റ്റിസ് കർണന്റെ കൊൽക്കത്തയിലെ വസതിയിൽ ഇന്നലെ രാവിലെയാണ് ഡിജിപി സുർജിത്ത് കൗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. വാറന്റ് ഇദ്ദേഹത്തിന് കൈമാറിയതായി പൊലീസ് അറിയിപ്പ് വന്നതിന് പിന്നാലെ സുപ്രീം കോടതി ജഡ്ജിമാർക്കുള്ള ജസ്റ്റിസ് കർണന്റെ കത്തും വന്നു.

“തനിക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ച ഭരണഘടനാ ബഞ്ച്, ഭരണഘടനാ വിരുദ്ധമാണെ”ന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. “എന്റെ ജോലി ചെയ്യാൻ എന്നെ അനുവദിക്കണം. ഭരണഘടനാ ബഞ്ചിലെ ന്യായാധിപന്മാരുടെ നടപടികൾ മൂം മാർച്ച് എട്ട് മുതൽ ജോലി ചെയ്യാൻ സാധിച്ചില്ല. മാനസികമായ പിരിമുറുക്കങ്ങൾ അനുഭവിച്ചു. പൊതുജനങ്ങൾക്ക് മുൻപിൽ തന്നെ അപമാനിച്ചതിന് നഷ്ടപരിഹാരമെന്ന നിലയിൽ 14 കോടി രൂപ ഭരണ ഘടനാ ബഞ്ചിലെ അംഗങ്ങളായർ നൽകണം. ഇതിന്റെ ആദ്യ ഗഡു ഈ ആഴ്ച തന്നെ നൽകണമെന്നും” അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കഹാർ അദ്ധ്യക്ഷനായ ഏഴംഗ ബഞ്ചിന്റെ ഉത്തരവ് ആദ്യം തന്നെ തള്ളിക്കളഞ്ഞ ജസ്റ്റിസ് സി.എസ്.കർണൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. നേരത്തേ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, വിരമിച്ച ജഡ്ജിമാർ എന്നിവർക്കെതിരായി അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, തമിഴ്‌നാട് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഒ.കെ.സ്റ്റാലിൻ എന്നിവർക്ക് കത്തയച്ചതിനാണ് കർണൻ നടപടി നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ