ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് രജ്യസഭയിൽ സമർപ്പിച്ചു. രണ്ട് വാല്യങ്ങളായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. എന്നാൽ അവസാന ദിവസമായ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധം ശക്തമാണ്.

ചർച്ചപോലും നടത്താൻ സാധിക്കാത്ത തരത്തിൽ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചതിനെതിരെ കോൺഗ്രസ് എം പിമാർ പ്രതിഷേധിച്ചു. സഭാമന്ദിരത്തിന് മുന്നിലായിരുന്നു കോൺഗ്രസ് എം പിമാരുടെ പ്രതിഷേധം. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

‘ചൗക്കീദാർ ഓഡിറ്റർ ജനറൽ റിപ്പോർട്ട്​’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ്​ കോൺഗ്രസ് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്​. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി. ഇതിനിടെ കോണ്‍ഗ്രസ് എം.പിമാര്‍ മോദിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച പേപ്പർ വിമാനങ്ങള്‍ പറത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook