ന്യൂഡൽഹി: ജിഎസ്ടിയിൽ കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ തുക വകമാറ്റി ഉപയോഗിച്ചു. 2017-18 , 2018-19 സാമ്പത്തിക വർഷമാണ് സർക്കാർ നിയമം ലംഘിച്ചത്.

2017-18 , 2018-19 സാമ്പത്തിക വർഷത്തിൽ 47,272 കോടി രൂപയെങ്കിലും ഈ വിധത്തിൽ കേന്ദ്രം കൈക്കലാക്കിയെന്നാണ് റിപ്പോർട്ടിൽ സിഎജി പറയുന്നു.

കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പൻസേഷൻ ഫണ്ടിൽ തുകയില്ലാത്തതാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ വൈകുന്നത് എന്നായിരുന്നു ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐയിൽ നിന്ന്, ജിഎസ്ടി വരുമാനം നഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് അറ്റോണി ജനറലിനെ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞിരുന്നു.

Read More: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡിന് പുറമേ ഡെങ്കിപ്പനിയും

എന്നാൽ കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസർക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലാണ് സിഎജിയുടെ സുപ്രധാനമായ നിഗമനം.

ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ പിരിക്കുന്ന നികുതി ആദ്യം എത്തുന്നത് സിഎഫ്‌ഐയിലേയ്ക്കാണ്. നികുതി വകുപ്പ് സിഎഫ്‌ഐയിൽ നിന്ന് തുക കോമ്പൻസേഷൻ അകൗണ്ടിലേക്ക് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കും. എന്നാൽ ഇതിന് മുതിരാതെ തുക സിഎഫ്‌ഐയിൽ നിന്ന് കേന്ദ്രസർക്കാർ വകമാറ്റിയെന്നാണ് സിഎജി കണ്ടെത്തൽ. ജിഎസ്ടി കോമ്പൻസേഷൻ സെസ് ആക്ട് 2017 ആണ് കേന്ദ്രസർക്കാർ ലംഘിച്ചത്.

“2018-19ൽ, ഫണ്ടിലേക്ക് മാറ്റുന്നതിന് 90,000 കോടി രൂപ ബജറ്റ് വകയിരുത്തിയിരുന്നു, അത്രതന്നെ തുക നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനമായിരുന്നു. എന്നാൽ, ജിഎസ്ടി നഷ്ടപരിഹാര സെസ്സായി 95,081 കോടി രൂപ ഈ വർഷം സ്വരൂപിച്ചെങ്കിലും റവന്യൂ വകുപ്പ് 54,275 കോടി രൂപ മാത്രമാണ് ഫണ്ടിലേക്ക് മാറ്റിയത്,” വിശദമായി റിപ്പോർട്ട് പറയുന്നു.

സി‌എജി റിപ്പോർട്ട് അനുസരിച്ച്, ധനകാര്യ മന്ത്രാലയം ഓഡിറ്റ് നിരീക്ഷണം അംഗീകരിച്ചു, “സെസ് ശേഖരിക്കുന്നതും പബ്ലിക് അക്കൗണ്ടിലേക്ക് മാറ്റാത്തതുമായ തുക തുടർന്നുള്ള വർഷത്തിൽ കൈമാറ്റം ചെയ്യപ്പെടും” എന്നും വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ കാര്യത്തിൽ അക്കൗണ്ടിങ്‌ നടപടിക്രമങ്ങളുടെ ലംഘനവും സിഎജി ഉയർത്തിക്കാട്ടി.

Read More in English: CAG: Centre broke the law, used funds for GST compensation elsewhere

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook