സീനിയർ മാനേജ്മെന്റിന്റെയും ഓഡിറ്റർമാരുടെയും ബോർഡിന്റെയും അറിവിനുപുറത്തുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ ബുധനാഴ്ച കഫെ കോഫി ഡേ ബോർഡിന്റെ തീരുമാനം തീരുമാനിച്ചു. കൂടാതെ 2015ൽ ബോർഡ് നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്കും സിഇഒയ്ക്കുമുണ്ടായിരുന്ന അധികാരങ്ങൾ വിനിയോഗിക്കാനും തീരുമാനങ്ങൾ നടപ്പിലാക്കാനും ഒരു ഇടക്കാല സിഇഒയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ബോർഡ് നിയമിച്ചു.
കമ്പനിയുടെ സിഎംഡി വി ജി സിദ്ധാർത്ഥ എഴുതിയ കത്തിന്റെ ഉള്ളടക്കം ബോർഡ് ഗൗരവമായി അന്വേഷിക്കാനാണ് ബോർഡിന്റെ തീരുമാനം. കത്തിന്റെ ആധികാരികത (സിദ്ധാർത്ഥ എഴുതിയതാണെന്ന്) സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ പ്രസ്താവനകൾ കമ്പനിയുമായി ബന്ധപ്പെട്ടതാണോ അതോ വി.ജി സിദ്ധാർത്ഥയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണോ എന്ന് വ്യക്തമല്ലെങ്കിലും, ബോർഡ് ഇത് ഗൗരവമായി എടുക്കുകയും ഇക്കാര്യം സമഗ്രമായി അന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബുധനാഴ്ച സമർപ്പിച്ച ഫയലിൽ കമ്പനി വ്യക്തമാക്കി.
Read More: എസ്.വി.രംഗനാഥ് ‘കഫെ കോഫി ഡേ’ ഇടക്കാല ചെയര്മാര്
അതേസമയം, കോഫി ഡേ എന്റർപ്രൈസസ് സ്വതന്ത്ര ഡയറക്ടർ എസ് വി രംഗനാഥിനെ കമ്പനിയുടെ ഇടക്കാല ചെയർമാനായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച 20 ശതമാനം ഇടിഞ്ഞ കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച 20 ശതമാനം കൂടി ഇടിഞ്ഞ് 123.25 രൂപയായി.
ബുധനാഴ്ച യോഗം ചേർന്ന ഡയറക്ടർ ബോർഡ് നിതിൻ ബാഗ്മാനെയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവർക്ക് മുമ്പ് നൽകിയിരുന്ന അധികാരങ്ങൾ വിനിയോഗിക്കാൻ എസ് വി രംഗനാഥ് (നോൺ എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടർ), നിതിൻ ബാഗ്മാൻ (സിഒഒ), ആർ രാം മോഹൻ (സിഎഫ്ഒ) എന്നിവരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് രൂപീകരിച്ചു.
ഐഎഎസ് കേഡറിൽ നിന്ന് വിരമിച്ച രംഗനാഥ് കർണാടക മുൻ ചീഫ് സെക്രട്ടറിയും കോഫി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രംഗനാഥിന് പുറമെ ആൽബർട്ട് ഹൈറോണിമസ്, സഞ്ജയ് നായർ, സുലക്ഷന രാഘവൻ, മലാവിക ഹെഗ്ഡെ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരികളുടെ വിശദമായ ചാർട്ടർ ബോർഡ് യഥാസമയം തയ്യാറാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുമെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ പറയുന്നു. കോഫീ ഡേ ഗ്രൂപ്പിന്റെ ആസ്ഥികൾ വിറ്റ് ബാധ്യതകൾ തീർക്കുക എന്ന സാധ്യതയെ കുറിച്ചും ബോർഡ് പരിശോധിക്കും. അതേസമയം കമ്പനിയുടെ വിപണി മൂല്യം 2,603 കോടി രൂപയായി കുറഞ്ഞു.
ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തിയത്. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധാർഥയെ കാണാതാകുന്നത്. നേത്രാവദി നദിക്ക് കുറുകെയുളള ഉള്ളാൽ പാലത്തിൽ വച്ചാണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേത്രാവദി നദിയിൽ നടത്തിയ തിരച്ചിലിലാണ് കാണാതായതിന് രണ്ട് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്.