ന്യൂഡൽഹി: പോക്സോ കേസുകളിലെ ഉയർന്ന ശിക്ഷ വധശിക്ഷയാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിന് ആവശ്യമായി നിയമഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ‘പോക്സോയില്‍ കാര്യമായ മാറ്റം വരുത്താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാനാണ് ശിക്ഷ കൂട്ടുന്നത്,’ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2012ലാണ് പോക്സോ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. നിലവില്‍ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിൽ കുറഞ്ഞ ശിക്ഷ ഏഴു വർഷവും ഏറ്റവും കൂടിയത് ജീവപര്യന്തവുമാണ്.

പോക്സോ നിയമത്തിലെ 4, 5, 6, 9, 14, 15, 42 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. കുട്ടികൾക്കെതിരെ ക്രൂരമായ രീതിയിലുളള ലൈംഗിക അതിക്രമത്തിനാണ് കൂടിയ ശിക്ഷ നല്‍കുന്നത്. കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാനും വേഗത്തില്‍ ലൈംഗിക പക്വത വരുത്താനുമായി കെമിക്കല്‍ പോലെയുളള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെ തടയാനും നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. കൂടാതെ പോണോഗ്രഫി തടയാനും നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

കത്വ പീഡനം, മുസഫർപുർ അഭയ കേന്ദ്രത്തിലെ പീഡനം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോക്സോ നിയമ പ്രകാരമുള്ള ഉയർന്ന ശിക്ഷ വധശിക്ഷയാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ളവർ ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ, ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി‍യും ശിപാർശ നൽകിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ