പട്ന: കേന്ദ്ര മന്ത്രിസഭാ പുനഃഋസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയ ജനതാദള്‍(യു)നേയും നിതീഷ് കുമാറിനെയും പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. സ്വന്തം കൂട്ടത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞുപോയവരെ മറ്റാരും വിശ്വസിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തില്‍ കൂട്ടില്ല. പുതിയ കുര്‍ത്തയും പൈജാമയും കോട്ടും ധരിച്ച് ചില ജെഡിയു നേതാക്കളൊക്കെ മന്ത്രി സ്ഥാനം മോഹിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരാളെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചതേയില്ല. മാത്രമല്ല, പുനസ്സംഘടയുടെ ഭാഗമായി ജെഡിയുവുമായി ചര്‍ച്ചകള്‍ പോലും നടത്തിയില്ല. എന്‍ഡിഎയില്‍ ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ല’ ലാലുപ്രസാദ് പറഞ്ഞു.

ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങുന്ന ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് നതീഷ് കുമാറിന്റെ ജെഡിയു തെറ്റിപ്പിരിഞ്ഞ് ബിജെപിയോടൊപ്പം ചേര്‍ന്നിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ജെഡിയുവിന് മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ലാലുപ്രസാദ് നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ നിർമല സീതാരാമന് പ്രതിരോധ വകുപ്പിന്‍റെ ചുമതല നൽകി. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിർമലാ സീതാരാമൻ.

കേരളത്തിൽ നിന്നും മോദി മന്ത്രിസഭയിൽ ആദ്യമായി സ്ഥാനം ലഭിക്കുന്ന അൽഫോൺസ് കണ്ണന്താനത്തിന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുളള സഹമന്ത്രി സ്ഥാനമാണ് നൽകിയിട്ടുളളത്. ഇതിന് പുറമെ ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി സ്ഥാനവും കണ്ണന്താനുണ്ടാകും.

അതേസമയം റെയിൽവേ മന്ത്രിയായി പിയൂഷ് ഗോയലിനെ നിയമിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം. സുരേഷ് പ്രഭു കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് പിയൂഷ് ഗോയലിന് സമ്മാനിച്ചത്.

മോദിയുടെ മന്ത്രിസഭയിൽ സുഷമ സ്വരാജിന് ശേഷം ക്യാബിനറ്റ് പദവിയിൽ എത്തുന്ന വനിത നേതാവാണ് നിർമ്മല സീതാരാമൻ. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു നിർമ്മല സീതാരാമൻ. പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ വകുപ്പിന്രെ  അധികച്ചുമതലയാണ് ഇന്ദിരാഗന്ധി വഹിച്ചിരുന്നത്. ഇതാദ്യമായാണ് പൂർണ്ണ വനിതാ മന്ത്രി പ്രതിരോധ വകുപ്പിന് ലഭിക്കുന്നത്.

ഇപ്പോൾ പാർലമെന്ര് അംഗമല്ലാത്ത അൽഫോൺസാ കണ്ണന്താനത്തിനെ ഗോവയിൽ നിന്നും രാജ്യസഭയിലേയ്ക്ക് കൊണ്ടുവരുമെന്നാണ് ബി ജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉമാ ഭാരതി കൈകാര്യം ചെയ്യുന്ന ജലവിഭവ മന്ത്രാലയം നിതിന്‍ ഗഡ്കരിക്ക് കൈമാറും. ഗംഗാ ശുദ്ധീകരണവും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും. ഉമാഭാരതിക്ക് കുടിവെള്ള,ശുചിത്വ വകുപ്പ് മാത്രമായിരിക്കും ഉണ്ടാവുക. നഗരവികസനം സ്വതന്ത്രചുമതല ഹർദീപ് സിംഗ് പുരിക്ക് നല്‍കും. ധർമ്മേന്ദ്രപ്രധാന് നൈപുണ്യവികസനത്തിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്മൃതി ഇറാനിക വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ തുടരും. ടെക്സ്റ്റൈല്‍ മന്ത്രാലയം സ്മൃതി ഇറാനിയില്‍ നിന്ന് മാറ്റി വേറെ ആര്‍ക്കെങ്കിലും നല്‍കുമെന്നും സൂചനയുണ്ട്. ചെറുകിടവ്യവസായ സ്വതന്ത്ര ചുമതല ഗിരിരാജ് സിംഗിന് നല്‍കി. സന്തോഷ് ഗാംഗ്വർ ആണ് തൊഴിൽമന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ