ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. നീതി ആയോഗിന്റെ നിർദ്ദേശത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യക്ക് കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.
എയര്‍ ഇന്ത്യയുടെ എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മൂന്നു സാധ്യതകളാണ് പരിഗണനയിലുള്ളത്. 100 ശതമാനം ഓഹരികളും വില്‍ക്കുക എന്നതാണ് ആദ്യത്തേത്. 74 ശതമാനം ഓഹരികള്‍ വില്‍ക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത. 49% ഓഹരി സര്‍ക്കാരിന്റെ കൈവശം വെയ്ക്കുക എന്നതാണ് മൂന്നാമത്തേത്. എത്ര ശതമാനം വില്‍ക്കണം എന്ന കാര്യത്തില്‍ ക്യാബിനറ്റ് അന്തിമ തീരുമാനം എടുക്കും.

എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാന കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട്​ പ്രാരംഭ ചർച്ചകൾ ടാറ്റ ​ഗ്രൂപ്പ്​ സർക്കാറുമായി ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എയർ ഇന്ത്യയിലെ 51 ശതമാനം ഓഹരികൾ വാങ്ങാനാണ്​ ടാറ്റയുടെ പദ്ധതിയെന്ന് ടാറ്റയുടെ തലവൻ ഇ.ചന്ദ്രശേഖരനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. 1932ൽ ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ടാറ്റ എയർലൈൻസാണ്​ സ്വാതന്ത്ര്യാനന്തരം 1948ലാണ്​ എയർ ഇന്ത്യയായി മാറിയത്​.

നിലവിൽ നഷ്​ടത്തിൽ പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യയെ ഓഹരികൾ വിൽക്കാൻ സർക്കാർ നീതി ആയോഗ്​ ശുപാർശ ചെയ്​തിരുന്നു​. എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും സൂചന നല്‍കിയിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ സഹായത്തോടെ മുഴുവന്‍ ഓഹരിയും വാങ്ങാനാണ് ടാറ്റയുടെ നീക്കമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook