രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളെജുകൾ കൂടി ആരംഭിക്കാൻ കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 24375 കോടി രൂപ ചെലവിലായിരിക്കും കോളെജുകൾ ഉയരുക. അധികമായി 15700 എംബിബിഎസ് സീറ്റുകൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് കേന്ദ്രവാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
കരിമ്പ് കയറ്റുമതിക്ക് സബ്സിഡി
ഇതിന് പുറമെ കരിമ്പ് കയറ്റുമതിക്ക് സബ്സിഡി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിനായി 6268 കോടി രൂപ പ്രഖ്യാപിച്ചു. ഓക്ടോബറിൽ ആരംഭിക്കുന്നു അടുത്ത വ്യാപാര വർഷത്തിൽ 6 മില്ല്യൺ ടൺ പഞ്ചസാര കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ശേഖരം വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
കൽക്കരി ഖനനത്തിൽ നൂറു ശതമാനം വിദേശ നിക്ഷേപം
അതേസമയം കൽക്കരി ഖനനത്തിന്റെ കാര്യത്തിൽ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്തും 26 ശതമാനം വിദേശനിക്ഷേപം വർധിപ്പിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്.