scorecardresearch
Latest News

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്

women legal marriage age India, women marriage age, legal marriage age, minimum age for marriage, PM Modi on women empowerment, jaya jaitly PM Modi Independence Day speech, child marriage, legal age for marriage, marriage age in India, current affairs, current affairs news, Indian express malayalam
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിന് സമാനമായി, 18 ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച പാസാക്കി. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വർഷത്തിനു ശേഷമാണ് തീരുമാനം.

മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

“മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെ ആവശ്യകതകൾ, പോഷകാഹാരം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ” തുടങ്ങിയവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.

“ഞങ്ങളുടെ ശുപാർശയ്ക്ക് പിന്നിൽ ന്യായവാദം ഒരിക്കലും ജനസംഖ്യാ നിയന്ത്രണമല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പുറത്തുവിട്ട സമീപകാല കണക്ക്, മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും കാണിക്കുന്നു. ഇതിന്റെ പിന്നിലെ (ശുപാർശയുടെ) ഉദ്ദേശം സ്ത്രീ ശാക്തീകരണമാണ്.” ജയ ജെയ്‌റ്റ്‌ലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരമുള്ള കണക്കനുസരിച്ച്, മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 എന്നതിൽ നിന്നും ഇന്ത്യ ആദ്യമായി 2.0 എന്ന നിരക്ക് കൈവരിച്ചു, ഇത് വരും വർഷങ്ങളിൽ ജനസംഖ്യാ വിസ്ഫോടനത്തിന് സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ശൈശവ വിവാഹങ്ങൾ 2015-16 ൽ 27 ശതമാനം ആയിരുന്നതിൽ നിന്ന് 2019-21 ൽ 23 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.

“വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, യുവാക്കളുമായും, തീരുമാനം നേരിട്ട് ബാധിക്കുന്നവരായതിനാൽ പ്രത്യേകിച്ച് യുവതികളുമായും കൂടിയാലോചിച്ച ശേഷമാണ് ടാസ്‌ക് ഫോഴ്‌സ് ശുപാർശ നൽകിയത്,” സമതാ പാർട്ടിയുടെ മുൻ അധ്യക്ഷയായ ജെയ്റ്റ്‌ലി പറഞ്ഞു.

“ഞങ്ങൾക്ക് 16 സർവകലാശാലകളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചിട്ടുണ്ട്, കൂടാതെ, യുവജനങ്ങളിലേക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിലേക്ക്, പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരാൻ ഇടയുള്ള 15-ലധികം എൻ‌ജി‌ഒകളിൽ നിന്നും വിവിധ മതങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിൽ നിന്നുമുള്ള ഫീഡ്‌ബാക്കുകളും ഒരേപോലെയാണ് സ്വീകരിച്ചത്,” അവർ പറഞ്ഞു.

“പ്രായപൂർത്തിയായവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഫീഡ്‌ബാക്ക് വിവാഹപ്രായം 22-23 വയസ്സായിരിക്കണം എന്നതാണ്. ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ടാർഗെറ്റ് ഗ്രൂപ്പിന്റെ നിർദേശമാണ് കൂടുതൽ പ്രധാനമെന്ന് ഞങ്ങൾക്ക് തോന്നി,” അവർ പറഞ്ഞു.

വനിതാ ശിശുവികസന മന്ത്രാലയം 2020 ജൂണിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ നിതി ആയോഗിലെ ഡോ വി.കെ.പോൾ, ഡബ്ല്യുസിഡി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.

തീരുമാനത്തിന്റെ സാമൂഹിക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ ഒരു പൊതു ബോധവൽക്കരണ ക്യാമ്പയിൻ നടത്തണമെന്നും ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. ദൂരെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനസൗകര്യം ഉൾപ്പെടുത്തണം, പെൺകുട്ടികൾക്ക് സ്കൂളുകളിലും സർവകലാശാലകളിലേക്കും പ്രവേശനം ഉറപ്പാക്കണമെന്നും ശുപാർശ ചെയ്‌തു.

സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. പോളിടെക്‌നിക്കുകളിൽ പെൺകുട്ടികൾക്ക് പരിശീലനം, വൈദഗ്ധ്യം, ബിസിനസ്സ് പരിശീലനം, എന്നിവ നൽകുന്നത് വിവാഹപ്രായം വർധിപ്പിക്കുന്നതിനുള്ള മാർഗമായി ശുപാർശ ചെയ്തിട്ടുണ്ട്.

“പെൺകുട്ടികൾക്ക് തങ്ങൾ സാമ്പത്തികമായി സ്വതന്ത്രരാണെന്ന് കാണിക്കാൻ കഴിയുമെങ്കിൽ, അവരെ വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് രണ്ടുതവണ ആലോചിക്കേണ്ടി വരും,” വൃത്തങ്ങൾ പറഞ്ഞു.

1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(iii) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസും വരന്റേത് 21 വയസ്സുമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്‌ത്രീകൾക്കും പുരുഷന്മാർക്കും വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസാണ് നിർദേശിക്കുന്നത്.

2020-21 ലെ ബജറ്റ് പ്രസംഗത്തിനിടെ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണത്തെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: “1929 ലെ പഴയ ശാരദാ നിയമം ഭേദഗതി ചെയ്തുകൊണ്ട് 1978 ൽ സ്ത്രീകളുടെ വിവാഹ പ്രായം 15 വയസ്സിൽ നിന്ന് 18 വയസ്സായി ഉയർത്തി. ഇന്ത്യ കൂടുതൽ പുരോഗമിക്കുമ്പോൾ, സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലും നേടാനുള്ള അവസരങ്ങൾ തുറക്കുന്നു. മാതൃ മരണ നിരക്ക് കുറയ്ക്കേണ്ടതും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്. മാതൃത്വത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച പ്രശ്നങ്ങൾ ഇതിന്റെ വെളിച്ചത്തിൽ കാണേണ്ടതുണ്ട്.”

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cabinet clears push to raise marriage age of women from 18 to 21