ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരെ പൂട്ടാൻ ഓർഡിനൻസുമായി സർക്കാർ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന ചട്ടം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭ ഇതു സംബന്ധിച്ച് അംഗീകാരം നൽകി.

സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ, നീരവ് മോദി എന്നിവരടക്കമുളളവരെ തടയാന്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ ചട്ടം ഉണ്ടാക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. സാമ്പത്തിക തിരിമറി നടത്തി വിദേശത്തേക്ക് കടക്കുന്നവർ, അറസ്റ്റ് വാറണ്ടുള്ളവർ, ബാങ്കിൽ നിന്ന് നൂറ് കോടിക്ക് മേൽ വായ്പ എടുത്ത് മുങ്ങുന്നവർ തുടങ്ങിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും.
ദ ഫ്യുജിറ്റീവ് എ്കണോമിക് ഒഫന്റേഴ്സ് ബില്‍ മാര്‍ച്ച് 12ന് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എടുത്തത് കാരണം ബില്‍ നീക്കെവെക്കുകയായിരുന്നു. ബാങ്കിന്റേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും നഷ്ടമായ തുക തിരികെ പിടിക്കാനുളള ഫലപ്രദമായതാണ് പുതിയ ചട്ടം.

ഓര്‍ഡിനന്‍സിലെ നടപടിക്രമം:

* പ്രസ്തുത വ്യക്തി സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കണമെന്ന് കാണിച്ച് പ്രത്യേക കോടതിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം

* സാമ്പത്തിക കുറ്റവാളിയുടെ സമ്പത്തിനേയും സാമ്പത്തിക തിരിമറിയേയും കുറിച്ചുളള വിവരം നല്‍കണം

* പ്രസ്തുത വ്യക്തി സാമ്പത്തിക കുറ്റവാളിയാണെന്ന് കാണിച്ച് പ്രത്യേക കോടതി നോട്ടീസ് പുറപ്പെടുവിക്കും

* സാമ്പത്തിക കുറ്റവാളിയാണെന്ന് കോടതി പ്രഖ്യാപിച്ചയാളുടെ സമ്പത്ത് കണ്ടുകെട്ടാനുളള നടപടികള്‍ ആരംഭിക്കും

* കണ്ടുകെട്ടിയ സ്വത്തിന്റെ അവകാശം സാമ്പത്തിക കുറ്റവാളിക്ക് നിഷേധിക്കപ്പെടും

* പിടിച്ചെടുത്ത സ്വത്ത് നിയമം അനുസരിച്ച് കൈകാര്യം ചെയ്യാനായി ഭരണാധികാരിയെ ചുമതലപ്പെടുത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook