ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകരിച്ചു. അടുത്തയാഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിൽ വൻ പ്രതിഷേധത്തെത്തുടർന്ന് മുൻ മോദി സർക്കാരിന്റെ സമയത്ത് ബില്ലിന്റെ കാലാവധി അവസാനിച്ചിരുന്നു.

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

2019 ലെ ജമ്മു കശ്മീർ സംവരണ (രണ്ടാം ഭേദഗതി) ബിൽ പിൻവലിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും പ്രകാശ് ജാവദേക്കറും പത്രസമ്മേളനത്തിൽ അറിയിച്ചു. 2019 ലെ വ്യക്തിഗത വിവര സംരക്ഷണ ബില്ലിനും കേന്ദ്ര സംസ്‌കൃത സർവകലാശാല ബില്ലിനും അംഗീകാരം നൽകി. അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ ഇത് പാർലമെന്റിൽ അവതരിപ്പിക്കും.

അസമിലേത് പോലെ രാജ്യത്തുടനീളം പൗരത്വ (ഭേദഗതി) ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ നിർണായകമാണ്. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 10 ന് മുമ്പ് ബിൽ പാസാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞു, “ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയം ഈ ബില്ലിൽ ലംഘിക്കപ്പെടുന്നു. മതം ഒരു ജനതയെ നിർണയിക്കണമെന്ന് വിശ്വസിക്കുന്നവർ, അതായിരുന്നു പാക്കിസ്ഥാന്റെ ആശയം. മതത്തിന് ദേശീയത നിർണയിക്കാൻ കഴിയില്ലെന്നും നമ്മുടേത് എല്ലാവർക്കുമുള്ള രാജ്യമാണെന്നും മഹാത്മ ഗാന്ധി, നെഹ്‌റുജി, മൗലാന ആസാദ്, ഡോ.അംബേദ്കർ തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. മതത്തിനപ്പുറത്ത് എല്ലാവർക്കും നമ്മുടെ രാജ്യത്ത് തുല്യ അവകാശങ്ങളുണ്ട്. ആ അടിസ്ഥാന തത്വത്തെയാണ് ഇന്ന് ഈ ബിൽ ലംഘിക്കുന്നത്,” ശശി തരൂർ പറഞ്ഞു.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഗണിച്ചു കൊണ്ട് ബില്ലിൽ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പങ്കാളികളുടെയും വംശീയ-സാംസ്കാരിക ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) ബാധകമാകുന്ന അത്തരം പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും ബിൽ പരിരക്ഷ നൽകുമെന്നും സ്വയംഭരണാധികാരം നൽകുമെന്നും അദ്ദേഹം സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും ഉറപ്പ് നൽകി.

പൗരത്വ (ഭേദഗതി) ബില്ലിൽനിന്നും മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ പ്രധാനമായും ഇസ്‌ലാമിക രാജ്യങ്ങളാണെന്നും അവിടെ മതപരമായ പീഡനങ്ങൾ നേരിടുന്നവർക്ക് പൗരത്വം നൽകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ ബിജെപി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook