ന്യൂഡൽഹി: സിംഗിൾ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ നേരിട്ടുളള വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനം അംഗീകരിച്ചത്. വ്യോമയാന, നിർമ്മാണ മേഖലകളിലെ നേരിട്ടുളള വിദേശ നിക്ഷേപ ചട്ടങ്ങളും കേന്ദ്രം ലഘൂകരിച്ചു.

രാജ്യത്ത് വ്യാപാരം നടത്തുന്നത് സുഗമമാക്കുന്നതിനായി നേരിട്ടുളള വിദേശ നിക്ഷേപ നയങ്ങൾ ഉദാരവൽക്കരിക്കുകയും ലളിതവൽക്കരിക്കുകയുമാണെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലെ നിർമ്മാണ മേഖലയിലേയ്ക്കുളള നേരിട്ടുളള വിദേശ നിക്ഷേപം ശക്തമാകുമെന്നും അത് നിക്ഷേപ രംഗത്ത് വളർച്ചയുണ്ടാക്കുമെന്നും സർക്കാർ അവകാശപ്പെട്ടു. നിർമ്മാണ മേഖലയിൽ തൊഴിലും വരുമാനവും വർധിക്കുമെന്നും സർക്കാർ പറഞ്ഞു.

നിലവിലെ നേരിട്ടുളള വിദേശ നിക്ഷേപ നയപ്രകാരം സിംഗിൾ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ 49 ശതമാനം മാത്രമാണ് എഫ്ഡിഐ അനുവദിച്ചിട്ടുളളത്. ഇനി സർക്കാർ അനുമതിയില്ലാതെ നൂറ് ശതമാനം നേരിട്ടുളള വിദേശ നിക്ഷേപം നടത്താം. നേരത്തെ സർക്കാരിന്രെ അനുമതി ആവശ്യമായിരുന്നു.

അംഗീകൃത വഴിയിലൂടെ എയർ ഇന്ത്യയിൽ 49ശതമാനം വരെ വിദേശ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. വിദേശ വിമാന കമ്പനികൾക്ക് നേരിട്ടോ അല്ലാതെയോ 49 ശതമാനം നിക്ഷേപം എയർ ഇന്ത്യയിൽ നടത്താം. എന്നാൽ എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ