രാജ്യത്തെ ഗസറ്റഡ് ഇതര കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള 2019-20 സാമ്പത്തിക വർഷത്തിലെ ബോണസിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് (പി‌എൽ‌ബി), നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (നോൺ-പി‌എൽ‌ബി) എന്നിവയ്ക്കാണ് കേന്ദ്ര കാബിന്റ്റ് ബുധനാഴ്ച അംഗീകാരം നൽകിയത്. 30 ലക്ഷത്തിലധികം ഗസറ്റഡ് ഇതര കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ നടപടി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ ബോണസിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3,737 കോടി രൂപയായിരിക്കുമെന്ന് മന്ത്രിസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. വിജയദശമിക്ക് മുൻപ് ഡരക്റ്റ് ബെനിഫിറ്റ് ട്രാൻഫർ വഴി ഒറ്റ ഘടുവായി ഈ ബോണസ് കൊടുത്തുതീർക്കുമെന്നും മന്ത്രി പറഞ്ഞു.

ഉത്സവ സീസണിൽ പണം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ തീരുമാനം. “ഒരാഴ്ചയ്ക്കുള്ളിൽ നൽകുന്ന ബോണസ്, മിഡിൽക്ലാസ്സുകാരെ പണം ചെലവാക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യും,” ജാവദേക്കർ പറഞ്ഞു.

റെയിൽ‌വേ, തപാൽ, പ്രതിരോധം, ഇപി‌എഫ്‌ഒ, ഇ‌എസ്‌ഐസി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലെ 16.97 ലക്ഷം നോൺ ഗസറ്റഡ് ജോലിക്കാർക്ക് പിഎൽബിയുടെ ഗുണഫലം ലഭിക്കും. ഇവരെ കൂടാതെ 13.70 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് 946 കോടി രൂപയുടെ നോൺ-പി‌എൽ‌ബി ലഭിക്കും.

നോൺ ഗസറ്റഡ് ജീവനക്കാർക്ക് മുൻ‌വർഷത്തെ ബോണസ് നൽകുന്നത് സാധാരണയായി പൂജ സീസണിന് മുമ്പാണ്. ബോണസ് ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ റെയിൽ‌വേ ഫെഡറേഷൻ ഒക്ടോബർ 22 ന് രാജ്യവ്യാപകമായി രണ്ട് മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.

ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞയാഴ്ച ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) വൗച്ചർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കിടയിൽ ഉപഭോഗം വർധിപ്പിക്കുന്നതിനായുള്ള ഫെസ്റ്റിവൽ അലവൻസാണത്. സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ഇത് പ്രയോജനപ്പെടുത്താം.

Read More: Cabinet approves bonus for 2019-20, to benefit over 30 lakh non-gazetted employees

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook