കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ, അഹമ്മദാബാദ്, ജയ്‌പൂർ, ലഖ്‌നൗ, ഗുവാഹത്തി, മംഗലാപുരം വിമാനത്താവളങ്ങളാണ് പൊതു-സ്വകാര്യ പങ്കാളിത്തതിലേക്ക് പോകുന്നത്.
വിമാനത്തിന്റെ നടത്തിപ്പിലാണ് പൊതു – സ്വകാര്യ പങ്കാളിത്തത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗ് സിഇഒ, വ്യോമയാന മന്ത്രാലയം സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി, എക്സ്പെന്റിച്ചർ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു.
വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനാണ് തീരുമാനം എന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. പ്രൊഫഷണലിസത്തിൽ കൂടുതൽ മുന്നേറാൻ ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് നേരത്തെ സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങൾ വളർച്ചയിൽ കുതിപ്പുണ്ടാക്കിയതാണ് ഈ തീരുമാനത്തിലേക്ക് കേന്ദ്രസർക്കാരിനെ എത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വ്യോമഗതാഗതത്തിൽ കൂടുതൽ തിരക്കേറിയ സാഹചര്യത്തിൽ ഇതിലൂടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ തീരുമാനത്തിലൂടെ ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
അന്താരാഷ്ട്ര വിമാനത്താവള കൗൺസിലിന്റെ റാങ്കിങിൽ രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ അവയുൾപ്പെടുന്ന വിഭാഗങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുളളതാണ് ഈ തീരുമാനത്തിന് പിന്നിൽ.