ന്യൂഡൽഹി: എസ്‌സി, എസ്‌ടി നിയമഭേദഗതി ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. നിയമം ലഘൂകരിച്ച സുപ്രീം കോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ ബിൽ കൊണ്ടുവന്നത്. ദലിത് സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നാണ് ബിൽ കൊണ്ടുവന്നത്.
നിയമം ലഘൂകരിച്ച നടപടി നിയമം ശക്തിപ്പെടുത്തി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ രാജ്യത്താകമാനം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം ഒൻപതിനാണ് ഭാരത് ബന്ദ് നടത്താനിരുന്നത്. പട്ടികജാതി, വർഗ നിയമത്തെ ശക്തിപ്പെടുത്തുന്നതിനു ഭേദഗതി കൊണ്ടുവരാൻ സർക്കാരിനുമേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരുന്നത്.
വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് രാജ്യത്തെ ദലിത് സംഘടനകളെ അനുനയിപ്പിച്ച് നിർത്താൻ കേന്ദ്രസർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നിയമനിർമാണം എളുപ്പമല്ലെങ്കിൽ പാർലമെന്റ് സമ്മേളനം നേരത്തേ അവസാനിപ്പിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാനും കേന്ദ്രസർക്കാർ നേരത്തെ ആലോചിച്ചിരുന്നു.
പട്ടികജാതി-വർഗ നിയമം ലഘൂകരിച്ച സുപ്രീം കോടതി നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം ഏപ്രിലിൽ നടന്ന പ്രതിഷേധത്തിൽ ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ എൻഡിഎയിൽ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ദീർഘകാലമായി എൻഡിഎയുടെ ഭാഗമായ പാസ്വാൻ മുന്നണിയിൽ നിന്ന് പിന്മാറുമെന്ന നിലയിൽ ഭീഷണി മുഴക്കിയതോടെയാണ് കേന്ദ്രസർക്കാർ നിയമം ശക്തിപ്പെടുത്താനുളള ശ്രമങ്ങൾ ആരംഭിച്ചത്. അതേസമയം നിയമം ലഘൂകരിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലെ രണ്ടു ജഡ്ജിമാരിൽ ഒരാളായ എ.കെ.ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മേധാവിയാക്കിയതിൽ ദലിത് സംഘടനകൾക്കും പാർട്ടികൾക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം നിയമം ശക്തിപ്പെടുത്തി ഈ അതൃപ്തിയെ കൂടി മറികടക്കാമെന്നാണ് ബിജെപി കരുതുന്നത്.