കൊല്‍ക്കത്ത: കോവിഡ് മഹാമാരി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ തൃണമൂൽ കോൺഗ്രസ് സിഎഎയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പരത്തുകയാണെന്നും ഷാ ആരോപിച്ചു.
“ഞാന്‍ വടക്കന്‍ ബംഗാളിലെത്തിയിരിക്കുകയാണ്. സിഎഎ നടപ്പാക്കില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. കോവിഡ് മഹാമാരി അവസാനിച്ചാലുടന്‍ സിഎഎ നടപ്പാക്കും. സിഎഎ ഒരു യാഥാര്‍ത്ഥ്യമാണ്, തൃണമൂലിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല,” ഷാ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അക്രമം, അഴിമതി, സിൻഡിക്കേറ്റ് രാജ് എന്നിവ തടയുന്നതിൽ മമതാ ബാനര്‍ജി പരാജയപ്പെട്ടെന്നും ഷാ പറഞ്ഞു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ ദിവസത്തിലായിരുന്നു ഷായുടെ വിമര്‍ശനം.
Also read: തെലങ്കാനയിൽ മിശ്രവിവാഹിതരായ ദമ്പതിമാർക്ക് നേർക്ക് ആക്രമണം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി