ലക്‌നൗ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്നോട്ടില്ല. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കി. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചറിഞ്ഞുള്ള ഫോമുകള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. യുപിയിലെ 15 ജില്ലകളില്‍ നിന്നായി 40,000 ത്തിലേറെ അഭയാര്‍ഥികളുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ 31 ന് മുന്‍പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ ഏത് മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് ചോദിച്ചുള്ള രേഖകളാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. പിലിബിത്ത് ജില്ലയിലാണ് കൂടുതല്‍ അഭായര്‍ഥികളെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് അന്തിമ കണക്കല്ലെന്നും ജില്ലാ അധികൃതര്‍ പറയുന്നു.

Read Also: ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രം

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിനുപിന്നാലെ കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കുന്ന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതായി വാർത്തകളുണ്ടായിരുന്നു. 21 ജില്ലകളിലായി 32,000 കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക തയാറാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്ത വ്യക്തമാക്കിയിരുന്നു.

സിഎഎ പ്രതിഷേധം രാജ്യത്ത് ഏറ്റവും ശക്തമായത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനെതിരായ പൊലീസ് വെടിവയ്പില്‍ 19 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. പൊതുസ്വത്ത് നശിപ്പിച്ച സംഭവങ്ങളില്‍ നഷ്ടം ഈടാക്കാനായി 372 പേര്‍ക്കു സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഇത്തരം സംഭവങ്ങളില്‍ മൊത്തം 478 പേരെ തിരിച്ചറിഞ്ഞതായാണു സര്‍ക്കാര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook