/indian-express-malayalam/media/media_files/uploads/2019/08/Amit-Shah-BJP.jpg)
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തവർ അവരുടെ മതം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
2015 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ മതം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഹിന്ദു, ക്രിസ്‌ത്യൻ, ബുദ്ധ, സിഖ്, ജെെന എന്നീ മതങ്ങളിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാനാണിത്. ഭേദഗതി ചെയ്‌ത പൗരത്വ നിയമമനുസരിച്ച് അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് മാനദണ്ഡമനുസരിച്ച് ഇന്ത്യയിൽ പൗരത്വം നൽകാമെന്നാണ് ധാരണ.
Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഇപ്പോഴും ശക്തമായ പ്രതിഷേധം തുടരുകയാണ്. അതിനിടയിലാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്. ആരൊക്കെ പ്രതിഷേധിച്ചാലും നിയമവുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മോശമായി കെെകാര്യം ചെയ്യുന്നു എന്നാരോപിച്ച് കോൺഗ്രസ് സംഘം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പൊലീസ് അതിക്രമങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പൊലീസിനെതിരെയാണ് കോൺഗ്രസ് നേതാക്കളുടെ സംഘം പരാതി നൽകിയിരിക്കുന്നത്. പൊലീസിനെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.