ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി സ്‌കൂട്ടറില്‍ ഹെൽമറ്റില്ലാതെ സഞ്ചരിച്ചതിനു യുപി പൊലീസ് ചുമത്തിയ പിഴ താനടയ്ക്കുമെന്നു വാഹനമുടമ. തന്റെ വാഹനം പൊലീസ് തടഞ്ഞതിനെത്തുടർന്നാണു പ്രിയങ്ക സ്കൂട്ടറിൽ സഞ്ചരിച്ചത്. സംഭവത്തിൽ സ്‌കൂട്ടര്‍ ഉടമ രജ്‌ദീപ് സിങ്ങിന് 6,300 രൂപയാണു പിഴ ചുമത്തിയത്.

.പ്രിയങ്ക ഗാന്ധിയുമായി കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുര്‍ജാര്‍ ആണ് സ്കൂട്ടർ ഓടിച്ചത്.  രജ്‌ദീപിന്റെ സ്‌കൂട്ടര്‍ എടുത്ത് ധീരജും പ്രിയങ്ക ഗാന്ധിയും പോകുകയായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസ് നോട്ടീസ് ലഭിച്ചതായി രജ്‌ദീപ് സിങ് വ്യക്തമാക്കി. പിഴ താന്‍ സ്വന്തം കൈയിൽനിന്ന് അടയ്ക്കുമെന്നും  കോൺഗ്രസിൽനിന്നോ പ്രിയങ്കാ ഗാന്ധിയിൽനിന്നോ വാങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും രജ്‌ദീപ് പറഞ്ഞു.

Read Also: പൗരത്വ നിയമ പ്രതിഷേധം: ദേശീയഗാനം പാടി പുതുവര്‍ഷത്തെ വരവേറ്റ് യുവജനത, വീഡിയോ

” താന്‍ മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് ധീരജ് ഗുര്‍ജാര്‍ തന്നോട് സ്‌കൂട്ടര്‍ ആവശ്യപ്പെട്ടത്. പ്രിയങ്ക ഗാന്ധിയെ കൊണ്ടുപോകാനാണെന്നും പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി സ്‌കൂട്ടര്‍ നല്‍കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല. അത്രയും വലിയ കുടുംബത്തില്‍ നിന്നുള്ള നേതാവാണല്ലോ അവര്‍. അതുകൊണ്ട് ഞാന്‍ സ്‌കൂട്ടര്‍ നല്‍കി,” രജ്‌ദീപ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു ശേഷം നേരത്തെ അറസ്റ്റിലായ രണ്ടുപേരുടെ വീടുകൾ സന്ദർശിക്കാൻ പോയതാണ് പ്രിയങ്ക. എന്നാൽ, അനുമതി നൽകാൻ സാധിക്കില്ലെന്ന് പൊലീസ് പറയുകയായിരുന്നു. ഇതോടെ വാക്കേറ്റമുണ്ടായി. നിരോധനാജ്ഞ നിലവിലുള്ളതിനാൽ മുന്നോട്ടുപോകാൻ അനുമതി നൽകില്ലായിരുന്നു പൊലീസ് പറഞ്ഞത്. ഇത് കണക്കിലെടുക്കാതെ പ്രിയങ്ക മുന്നോട്ടുപോയി. വാഹനം പൊലീസ് തടഞ്ഞതോടെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ സ്‌കൂട്ടറിൽ കയറിയാണ് പിന്നീട് പ്രിയങ്ക പോയത്. പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു.

Read Also: Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

സിആർപിഎഫിന് സുരക്ഷാ വീഴ്‌ചയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ, ആരോപണങ്ങളെ തള്ളി സിആർപിഎഫ് തന്നെ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിആര്‍പിഎഫ് വിശദീകരണം നല്‍കി. വേണ്ടത്ര സുരക്ഷയില്ലാതെ പ്രിയങ്ക ഗാന്ധി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്‌കൂട്ടറില്‍ കയറിപ്പോയതാണെന്നും സിആര്‍പിഎഫ് പറയുന്നു.

ലക്‌നൗവിലെ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്ക ഗാന്ധി നേരത്തെ നല്‍കിയില്ലെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. ലക്‌നൗവില്‍ തന്നെ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിആര്‍പിഎഫിന്റെ വിശദീകരണം.

സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ അപ്രതീക്ഷിതമായി പ്രിയങ്ക നടത്തിയ നീക്കമാണ് സ്‌കൂട്ടർ യാത്ര. മുന്‍കൂട്ടി പരിശോധന നടത്താത്ത പ്രദേശങ്ങളിലൂടെയാണ് യാത്ര ചെയ്തത്. ഈ വീഴ്ചകള്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു. അപ്രതീക്ഷിതമായ മാറ്റമായിരുന്നിട്ടും ആവശ്യമായ സുരക്ഷ നല്‍കിയെന്നും സേന വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook