ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളിപ്പടരുന്നതിനിടെ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎക്കുള്ളിൽ ആശങ്ക. സംസ്ഥാന സര്‍ക്കാരുകള്‍ നിയമത്തിനെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് മുന്നണിക്കുള്ളില്‍ നിന്നുതന്നെ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ എന്‍ആര്‍സിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ബിഹാറില്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നിലപാടെടുത്തു. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കില്ലെന്ന് എല്‍ജെപി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ പറഞ്ഞു. എന്‍ഡിഎ കക്ഷികളാണ് ജെഡിയുവും എല്‍ജെപിയും. ഇരു പാര്‍ട്ടികളും പാര്‍ലമെന്റിൽ പൗരത്വ ബില്ലിനെ പിന്തുണച്ചവരാണ്. എന്‍ഡിഎ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് നേരത്തെ തന്നെ പൗരത്വ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി.

Read Also: ഹിന്ദുവും മുസ്‌ലിമും എങ്ങനെ ഒന്നിച്ച് പണിയെടുക്കുന്നു?; ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മറുപടി, വീഡിയോ

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബിജെപിക്ക് അതും ആശങ്കയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നുമാണ് മിക്ക സര്‍വേകളും പ്രവചിച്ചിരിക്കുന്നത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന് അയവില്ല. ഉത്തര്‍പ്രദേശില്‍ മാത്രം ഇന്നലെ കൊല്ലപ്പെട്ടത് ആറുപേര്‍. പൗരത്വ ഭേദഗതി നിയമത്തിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. യുപിയിലെ നഗരങ്ങളില്‍നിന്ന് അറന്നൂറ്റി അറുപതോളം പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് പൊലീസ് സമ്മതിക്കുന്നു.

38 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്റർനെറ്റ് സൗകര്യം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അഗ്നിക്കിരയാക്കിയതായി പൊലീസ് വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook