കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശക്തമാവുകയാണ്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തിൽ മഹാറാലി നടക്കും. ഡിഎംകെയ്ക്ക് പുറമെ കോൺഗ്രസും ഇടതു പാർട്ടികളും മഹാറാലിയുടെ ഭാഗമാകും. പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചിയിൽ ഇന്ന് ലോങ് മാര്‍ച്ചും നടക്കും. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് ലോങ് മാര്‍ച്ച്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നും ഫോർട്ടുകൊച്ചി വരെ തിങ്കളാഴ്ച പദയാത്ര നടത്തുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നിന് യാത്ര ഫോർട്ടുകൊച്ചി വാസ്കോ സ്ക്വയറിൽ എത്തിച്ചേരുകയും അവിടെ വെച്ചു നടക്കുന്ന പൊതുപരിപാടിയിൽ “ഊരാളി”യ്ക്കും മറ്റു കലാസംഘങ്ങൾക്കുമൊപ്പം നമ്മൾ ആബാലവൃദ്ധം ജനങ്ങൾ അവരുടെ പാട്ടിനും മുദ്രാവാക്യത്തിനും നൃത്തത്തിനും അഭിനയത്തിനും ഒപ്പം ഒത്തുചേരുമെന്ന് കലക്ടീവ്​ ഫേസ് വൺ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ പ്രദേശങ്ങളും ഇവർ സന്ദർശിക്കും. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും നേരിൽ കാണാനും ശ്രമിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook