ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ സിദ്ധാർഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ കേസ്. ഇരുവരും ഉൾപ്പെടെ 600 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച തിരുവള്ളുവര്‍കോട്ടത്ത് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്.

Read More: വിണ്ണിലല്ല, മണ്ണിലാണ് യഥാർഥ താരങ്ങൾ; പ്രതിഷേധിക്കാൻ അഭിനേതാക്കളും-ചിത്രങ്ങൾ

വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചു പരിപാടിക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഈ വിലക്ക് ലംഘിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലേ ശബ്ദമുയർത്തിയിരുന്ന സിദ്ധാർഥ് പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ നൽകിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുക എന്നതാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിൽ തനിക്കും തന്റെ പ്രിയപ്പെട്ടവർക്കും ഭീഷണി ഫോൺ കോളുകൾ വരുന്നതായും സിദ്ധാർഥ് സൂചിപ്പിച്ചിരുന്നു.

വിപ്ലവം ജനാധിപത്യത്തിന്റെ ജീവൻ രക്തമാണെന്നും ഇന്ത്യയ്ക്കു വേണ്ടി രക്തം ചൊരിയൂവെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. അമിത് ഷായും നരേന്ദ്ര മോദിയും ദുര്യോധനനും ശകുനിയുമാണെന്നും സിദ്ധാർഥ് നേരത്തെ വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook