ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന പ്രക്രിയ 2021 ജനുവരിയിലോ ഫെബ്രുവരിയിലോ ആരംഭിക്കുമെന്ന് ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗിയയും മുകുൾ റോയിയും അവകാശപ്പെട്ടു.

“അഭയാർഥികളായ എല്ലാ ആളുകൾക്കും പൗരത്വം നൽകുന്ന പ്രക്രിയ മിക്കവാറും ജനുവരി മുതൽ ബിജെപി സർക്കാർ ആരംഭിക്കും. മതപരമായ പീഡനങ്ങൾ നേരിട്ട ശേഷമാണ് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ നമ്മുടെ രാജ്യത്ത് അഭയം തേടിയെത്തിയിരിക്കുന്നത്. അത്തരക്കാർക്കെല്ലാം ബിജെപി സർക്കാർ പൗരത്വം നൽകും. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിന് കേന്ദ്രത്തിന് സത്യസന്ധമായ ശ്രമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ട്,” ബംഗാളിലെ പാർട്ടി നിരീക്ഷകനായ വിജയവർഗിയ ശനിയാഴ്ച നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന ബിജെപി പരിപാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

“സി‌എ‌എ [പൗരത്വ ഭേദഗതി നിയമം] നടപ്പാക്കുന്നത് ജനുവരിയിലോ ഫെബ്രുവരിയിലോ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മൈക്രോസ്കോപ്പിലൂടെ പോലും ഒരാൾക്ക് ടിഎംസി കാണാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് പ്രതിപക്ഷ കക്ഷികൾ

എപ്പോഴാണോ കൊറോണ ഭീതി അകലന്നുന്നത് അപ്പോള്‍ സിഎഎ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നേരത്തെ ബംഗാളില്‍ പറഞ്ഞിരുന്നു. ജനുവരിയില്‍ നടപ്പാക്കുമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറയുന്നത്. പശ്ചിമ ബംഗാളിലെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ബിജെപി ഒരുക്കമാണ്. അഭയാര്‍ഥികളുടെ ആവശ്യം പരിഗണിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും തയ്യാറല്ലെന്നും വിജയവര്‍ഗിയ കുറ്റപ്പെടുത്തി.

അതേസമയം, ബിജെപിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. ബംഗാളിലെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

“പൗരത്വം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നത്. മതുവ സമുദായക്കാര്‍ പൗരന്‍മാരല്ലേ. എങ്ങനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് ചെയ്തത്. ജനങ്ങളെ നിങ്ങള്‍ വിഡ്ഡികളാക്കരുതെ”ന്നും ഹക്കീം പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അനുകൂലിച്ചാണ് മതുവ സമുദായം വോട്ട് ചെയ്തത്. ബംഗാളിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത് ബിജെപിയെ സഹായിച്ചു. പൗരത്വം ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നത് ഈ സമുദായത്തെ ചൊടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഒരു വിഭാഗം ഭയപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് കത്തുനൽകുമെന്ന് മതുവ സമുദായത്തിലെ അംഗംകൂടിയായ ബിജെപി എംപി ശാന്തനു താക്കൂർ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook