ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തിലുള്ള അകാലി ദള്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അകാലി ദള്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തില്‍ എല്ലാ മതക്കാരെയും ഉള്‍പ്പെടുത്തണമെന്നാണ് അകാലി ദള്‍ ആവശ്യപ്പെടുന്നത്. ഏതെങ്കിലും മതത്തെ മാറ്റി നിര്‍ത്തി പൗരത്വം നിയമം നടപ്പിലാക്കുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും അകാലി ദള്‍ വ്യക്തമാക്കി. സീറ്റ് വിഭജനത്തിലും അകാലി ദളിന് ബിജെപിയോട് വിയോജിപ്പുണ്ട്.

“രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഞങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലപാട് മാറ്റുന്നതിനേക്കാള്‍ നല്ലത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ്. ഈ രാജ്യം എല്ലാവരുടേതും ആണ്.” അകാലി ദള്‍ നേതാവ് മജിന്ദര്‍ സിങ് പറഞ്ഞു.

Read Also: സംഘപരിവാറിന്റെ ക്രൈസ്‌തവ വിരുദ്ധ നിലപാടുകളെ കുറിച്ച് ധാരണയുണ്ട്: സിറോ മലബാര്‍ സഭ

നേരത്തെ പഞ്ചാബ് നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അന്ന് അകാലി ദള്‍ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അകാലി ദള്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോള്‍ അത് എന്‍ഡിഎ സഖ്യത്തിന് തലവേദന സൃഷ്ടിക്കുകയാണ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അകാലി ദൾ മുഖം തിരിച്ചു നിൽക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ട്. ആം ആദ്‌മി സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ അകാലി ദൾ മുഖം തിരിക്കുന്നത് ബിജെപിയെ വലിയ രീതിയിൽ ബാധിക്കും. അതേസമയം, തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഡൽഹിയിൽ ആം ആദ്‌മി. ഭരണത്തുടർച്ചയുണ്ടാകുമെന്ന് അരവിന്ദ് കെജ്‌രിവാൾ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook