ന്യൂഡല്‍ഹി: കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി ജയചന്ദ്രൻ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാല്‍ അവസരമൊരുങ്ങുക തനിക്കെതിരെ വിധി പുറപ്പെടുവിച്ചവരുടെ സഹപ്രവര്‍ത്തകനാവാന്‍. സീനിയോറിറ്റിക്കുവേണ്ടിയുള്ള ദശാബ്ദം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അദ്ദേഹം സുപ്രീം കോടതിയില്‍ വിജയം കണ്ടത്.
ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി സുപ്രീം കോടതി കൊളീജിയം കഴിഞ്ഞയാഴ്ച ശിപാര്‍ശ ചെയ്ത നാല് ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍ ഒരാളാണ് ജയചന്ദ്രന്‍. അദ്ദേഹത്തെ കൂടാതെ സോഫി തോമസ്, പിജി അജിത് കുമാര്‍, സിഎസ് സുധ എന്നീ ജുഡീഷ്യല്‍ ഓഫിസരും ബസന്ത് ബാലാജി, ശോഭ അന്ന ഈപ്പന്‍, സഞ്ജീത കല്ലൂര്‍, അരവിന്ദ് കുമാര്‍ ബാബു എന്നീ അഭിഭാഷകരും ഉള്‍പ്പെടെ എട്ടു പേരെയാണ് ഹൈക്കോടതി ജഡ്ജിമായായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ ചെയ്തത്.
ശിപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തുകയോ ഫയല്‍ പുനപ്പരിശോധനയ്ക്കായി കൊളീജിയത്തിലേക്കു മടക്കുകയോ ചെയ്യാം. സര്‍ക്കാര്‍ ഫയല്‍ മടക്കിയാല്‍ കൊളീജിയം ശിപാര്‍ശ ആവര്‍ത്തിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം.
കേരള ഹയര്‍ ജുഡീഷ്യല്‍ സര്‍വിസിന്റെ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ 2010 ലാണ് സി ജയചന്ദ്രന് ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമനം ലഭിച്ചത്. ജയചന്ദ്രന്റെ സീനിയോറിറ്റി ‘ചുമതലയേറ്റ തീയതി മുതല്‍ പ്രാബല്യത്തില്‍’ എന്നാണ് തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്.
ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തില്‍, 35 വയസ് പൂര്‍ത്തിയായ അഭിഭാഷകരെ പരീക്ഷാ പ്രക്രിയയിലൂടെയാണ് ഒഴിവുകള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കുന്നത്. നേരിട്ടുള്ള നിയമനത്തിനു പുറമെ, സബ് ജഡ്ജിമാര്‍ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരെയും ജില്ലാ ജഡ്ജിമാരായി പരിഗണിക്കാറുണ്ട്.
Also Read: കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
സ്ഥലംമാറ്റത്തിലൂടെ നിയമിക്കപ്പെട്ടവരുടെ മേല്‍ സീനിയോറിറ്റി ആവശ്യപ്പെട്ടാണു ജയചന്ദ്രന്‍ കോടതിയെ സമീപിച്ചത്. ജില്ലാ ജഡ്ജി കേഡറില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റിനായി മൂന്നിലൊന്ന് ക്വാട്ടയും ഇന്‍-സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 50 ശതമാനം ക്വാട്ടയും പാലിക്കാനാണ് ഹൈക്കോടതി വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്. ഇന്‍-സര്‍വീസ് ക്വാട്ട കവിഞ്ഞാല്‍ നേരത്തേ ചുമതലേെയറ്റതെങ്കില്‍ പോലും, നേരിട്ട് റിക്രൂട്ട് ചെയ്തവരെക്കാള്‍ സീനിയോറിറ്റി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ജയചന്ദ്രന്റെ ഹര്‍ജി.
കേസ് ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍നിന്ന് സിംഗിള്‍ ബഞ്ചിലേക്കും തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിലേക്കും മാറ്റി. സിംഗിള്‍ ബഞ്ച് ജഡ്ജി ജയചന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് വിധി അദ്ദേഹത്തിന് എതിരാവുകയും സഹപ്രവര്‍ത്തകരായ മുഹമ്മദ് വസീം, സോഫി തോമസ് എന്നിവര്‍ക്ക് അനുകൂലമാവുകയും ചെയ്തു.
ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജയചന്ദ്രന് അനുകൂലമായ വിധിയുണ്ടായത്. ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി ജയചന്ദ്രനു സാങ്കല്‍പ്പിക സീനിയോറിറ്റി അനുവദിച്ചത്. ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള പേരുകള്‍ നിര്‍ദേശിച്ച മൂന്നംഗ സുപ്രീം കോടതി കൊളീജിയം അംഗം കൂടിയാണ് ജസ്റ്റിസ് യുയു ലളിത്.
Also Read: ‘കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നു’; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
സുപ്രീം കോടതി വിധി പാലിക്കുന്നതിനായി ഈ വര്‍ഷം ഏപ്രിലില്‍ ഹൈക്കോടതി കേരള ഹൈക്കോടതി സീനിയോറിറ്റി ഉത്തരവ് പുതുക്കിയിരുന്നു. സീനിയോറിറ്റി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചതിനെത്തുടര്‍ന്ന്, ജയചന്ദ്രന്‍ ഹൈക്കോടതി ജഡ്ജി നിയമത്തിനുള്ള സോണ്‍ ഓഫ് സെലക്ഷനില്‍ ഇടംപിടിക്കുകയായിരുനനു. അതേസമയം, ഇടുക്കി ജില്ലാ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീമിനെ ഒഴിവാക്കി.
ഹൈക്കോടതി ജഡ്ജിയായി തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വസീം കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായില്ല. തനിക്കു 32 വര്‍ഷത്തെ സര്‍വിസുണ്ടെന്നും ജയചന്ദ്രന്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടുമ്പോള്‍ 10 വര്‍ഷം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വസിം വാദിച്ചു. എന്നാല്‍, ജഡ്ജിയായി നിയമനം ലഭിക്കുകയെന്നത് ഒരാളുടെ മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.