പനജി: പനജി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ജയം. നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കര്‍ ജയിച്ചത്. അടുത്താഴ്ച തന്നെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് പരീക്കര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം പരീക്കറിനെ രംഗത്തിറക്കിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്.
നിലവിൽ ലഖ്നോവിൽ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ് പരീക്കർ. മാർച്ചിലാണ് പരീക്കർ ഗോവ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 40 മണ്ഡലങ്ങളിൽ 17 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപവത്കരണസാധ്യത തകർക്കാൻ ബിജെപി ദേശീയ നേതൃത്വം പരീക്കറെ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്പിച്ച് രംഗത്തിറക്കുകയായിരുന്നു. പരീക്കർക്കു വേണ്ടി പനജി എംഎൽഎ രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് അവസരമൊരുക്കി.
വാൽ പോയിൽ ബിജെപി സ്ഥാനാർഥിയും ഗോവ ആരോഗ്യമന്ത്രിയുമായ വിശ്വജിത് റാണെയും ജയിച്ചു. പതിനായിരത്തോളം വോട്ടുകൾക്കാണ് റാണെ കോൺഗ്രസിന്റെ റോയ് നായിക്കിനെ പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് വിശ്വജിത് റാണെ ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബവാനയിൽ കോൺഗ്രസിന്റെ സുന്ദ്രേർ കുമാറും ആന്ധ്രയിലെ നന്ദ്യാലിൽ തെലുങ്കുദേശം പാർട്ടിയുമാണ് മുന്നിട്ടു നിൽക്കുന്നത്.