ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെുടപ്പില് തൃണമൂല്‍ കോണ്‍ഗ്രസിനു ജയം. ഖർദഹ, ഗോസാബ മണ്ഡലങ്ങൾ നിലനിർത്തിയ തൃണമൂൽ ദിന്‍ഹത ബിജെപിയിൽനിന്നു പിടിച്ചെടുത്തു. ബിജെപിയുടെ മറ്റൊരു സിറ്റിങ് സീറ്റായ ശാന്തിപുരിലും തൃണമൂൽ ജയിച്ചു.
ദിൻഹത മണ്ഡലം 1,64,089 വോട്ടിനാണ് ബിജെപിയിൽനിന്ന് തൃണമൂൽ സ്ഥാനാർഥി ഉദയൻ ഗുഹ പിടിച്ചെടുത്തത്. ശാന്തിപുരിൽ തൃണമൂൽ സ്ഥാനാർഥി ബ്രജ കിഷോർ ഗോസ്വാമി 64675 വോട്ടിനു മുന്നിലാണ്. ഖർദഹയിൽ മുൻ മന്ത്രി ശോഭൻദേബ് ചതോപാധ്യായ 93,832 വോട്ടിനും ഗൊസാബയിൽ സുബ്രത മണ്ഡൽ 1,43,053 വോട്ടിനാണും വിജയിച്ചു.
നാലു മണ്ഡലങ്ങളിലെയും പാർട്ടി സ്ഥാനാർഥികളെ അഭിനന്ദിച്ച മുഖ്യമന്ത്രി മമത ബാനർജി ഇത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞു. വിദ്വേഷരാഷ്ട്രീയത്തിനും പ്രചാരണത്തിനുമെതിരെ ബംഗാൾ എപ്പോഴും ഐക്യവും വികസനവുമാണു തിരഞ്ഞെടുക്കുന്നെത് തെളിയിക്കുന്നതാണ് ഈ വിജയമെന്നും മമത ട്വീറ്റ് ചെയ്തു.
ഗൊസാബയിലും ഖരാദാഹയിലും തൃണമൂല്‍ എംഎല്‍എമാര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ശാന്തിപുരിലും ദിന്‍ഹതയിലും വിജയിച്ച ബിജെപിയുടെ സിറ്റിങ് എംപിമാരാണു വിജയിച്ചിരുന്നത്. എന്നാല്‍ ബംഗാളില്‍ അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിഞ്ഞതിനു പിന്നാലെ ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഇതിനു മുന്‍പ് ഭവാനിപുര്‍ മണ്ഡലത്തിലാണു നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിനായിരുന്നു അധ്യക്ഷ. സെപ്റ്റംബര്‍ 30നു നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി വന്‍ വിജയമാണു നേടിയത്. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായി തന്റെ മുന്‍ വിശ്വസ്ത മണ്ഡലമായ ഭവാനിപുരില്‍ വീണ്ടും ജനവിധി തേടുകയായിരുന്നു. മന്ത്രി സോവന്‍ദേവ് ചതോപാധ്യായ എംഎല്‍എ സ്ഥാനം രാജിവച്ചാണ് ഇവിടെ മമതയ്ക്കു വഴിയൊരുക്കിയത്.
ബംഗാള്‍ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയിലെയും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണലാണ് ഇന്ന് പുരോഗമിക്കുന്നത്.
Also Read: കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ മണ്ഡി പാര്‍ലമെന്റ് സീറ്റിൽ മുന്നേറുന്ന കോൺഗ്രസ് ഫത്തേപൂര്‍, അര്‍ക്കി, ജുബ്ബായി-കൊത്കായ് നിയമസഭാ സീറ്റുകളിൽ വിജയിച്ചു. രാജസ്ഥാനിലെ ധര്യവാദ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച പാര്‍ട്ടി വല്ലഭ് നഗറിൽ മുന്നിലാണ്.
അസമിലെ തോവ്റ, ഭബാനിപുർ, മരിയാനി സീറ്റുകളിൽ ബിജെപി വിജയിച്ചു. മധ്യപ്രദേശിലെ ജോബത് നിയമസഭാ സീറ്റിൽ വിജയിച്ച പാർട്ടി ഖണ്ഡ്വ ലോക്സഭാ സീറ്റിലും പൃഥ്വിപുർ നിയമസഭാ സീറ്റിലും മുന്നിലാണ്.
ബംഗാളിലെ നാലെണ്ണത്തിനു പുറമെ അസമില്‍ അഞ്ച്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന് എന്നിവിടങ്ങളില്‍ രണ്ട് വീതം, ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ ആറെണ്ണത്തില്‍ ബിജെപിയും ഒന്‍പതില്‍ കോണ്‍ഗ്രസും മറ്റുള്ളവയില്‍ പ്രാദേശ പാര്‍ട്ടികളുമാണു നേരത്തെ വിജയിച്ചിരുന്നത്.
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശില മണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ ലോക്സഭാ സീറ്റുകളിലാണു ഉപതിരഞ്ഞെടുപ്പ് നടന്നത്.