ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ കൊറോണ വൈറസ് മഹാമാരി കനത്ത നഷ്ടം വിതച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അതിസമ്പന്നരുടെ സമ്പത്തിലും വന്‍കുറവുണ്ടായി. ഈ വര്‍ഷത്തെ ഫോബ്‌സ് ധനികരുടെ പട്ടിക പ്രകാരം ലോകത്തെ സമ്പന്നരുടെ മൊത്തം ആസ്തി എട്ട് ട്രില്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷമിത് 8.7 ട്രില്യണ്‍ ആയിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യത്തോടൊപ്പം മഹാമാരിയും ചേര്‍ന്നപ്പോള്‍ ഇന്ത്യയിലെ സമ്പന്നരുടേയും ആസ്തിയിലും കുറവുണ്ടായി. 2019-ല്‍ 106 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. ഈ വര്‍ഷമത് 102 ആയി കുറഞ്ഞു. കൂടാതെ, ഫോബ്‌സിന്റെ കണക്കനുസരിച്ച് അവരുടെ മൊത്തം ആസ്തിയില്‍ 23 ശതമാനം കുറഞ്ഞ് 313 ബിലയണ്‍ ഡോളറായി.

കേരളത്തില്‍ നിന്നും എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഫോബ്‌സിന്റെ ആഗോള ധനികരുടെ പട്ടികയില്‍ ഇടംപിടിച്ചു. ആദ്യമായിട്ടാണ് ബൈജു ഈ പട്ടികയില്‍ ഇടംകാണുന്നത്. 1.8 ബില്യണ്‍ ആണ് ബൈജുവിന്റെ ആസ്തി. പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാരില്‍ പ്രായം കുറഞ്ഞയാളാണ് 38 വയസ്സുകാരനായ അദ്ദേഹം. 1196-ാം സ്ഥാനമാണ് ബൈജുവിനുള്ളത്. ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും ചൈനയിലെ ടെനസെന്റും ബൈജൂസ് ആപ്പിലെ നിക്ഷേപകരാണ്.

Read Also: സൗദിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40 ശതമാനം വരെ കുറച്ചേക്കും

36.8 ബില്യണ്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാമതെത്തി. 13.8 ബില്യണുമായി റീട്ടെയ്ല്‍ വമ്പനായ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്ഥാപകനായ രാധാകൃഷ്ണന്‍ ധമാനി രണ്ടാമതെത്തി. അദ്ദേഹം ആദ്യമായിട്ടാണ് ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ രണ്ടാമതെത്തുന്നത്.

മൂന്നാം സ്ഥാനത്ത് എച്ച്സിഎല്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനായ ശിവ് നാടാരാണ്. 11.9 ബില്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി.

ഫോബ്‌സിന്റെ ആഗോള ധനികരുടെ പട്ടികയില്‍ ഏഷ്യാ-പെസഫിക്കില്‍ നിന്നുള്ള ബിസിനസ്സുകാരാണ് കൂടുതുള്ളത്. 778 പേര്‍. അമേരിക്കയില്‍ നിന്നും 614, യൂറോപ്പില്‍ നിന്ന് 511 പേരും പട്ടികയിലുണ്ട്.

രാജ്യങ്ങളുടെ പങ്ക് നോക്കുമ്പോള്‍ അമേരിക്കയാണ് ഒന്നാമത്. 614 പേര്‍. കഴിഞ്ഞ വര്‍ഷം 607 പേരാണുണ്ടായിരുന്നത്. ചൈനയില്‍ നിന്നു 389 പേരും ജര്‍മ്മനയില്‍ നിന്നും 107 പേരും ഇന്ത്യയില്‍ നിന്നും 102 പേരും റഷ്യല്‍ നിന്നും 99 പേരും പട്ടികയിലുണ്ട്.

Read in English: Forbes India Billionaires list 2020: Mukesh Ambani retains top slot, retail king Radhakishan Damani second richest

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook