ഭോപ്പാൽ: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പുതിയ വിൽപന മാര്‍ഗവുമായി പെട്രോള്‍ പമ്പുകള്‍. ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, ലാപ്‌ടോപ്, ബൈക്ക് എന്നിവയൊക്കെയാണ് പെട്രോളും ഡീസലും വാങ്ങുന്നവര്‍ക്ക് പമ്പുകള്‍ നല്‍കുന്ന ഓഫറുകള്‍. മദ്ധ്യപ്രദേശിലാണിത്.

വിൽപന ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ പമ്പുകളെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണിത്. വലിയ അളവില്‍ ഇന്ധനം വാങ്ങിക്കുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ നല്‍കുന്നത്. 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പമ്പുകളും ഇവിടെയുണ്ട്.

അയല്‍സംസ്ഥാനങ്ങളിലെ ഡീസല്‍ വിലയേക്കള്‍ അഞ്ചു രൂപയോളം കൂടുതലാണ് മധ്യപ്രദേശിലെ അശോക് നഗര്‍, ശിവപുരി എന്നീ അതിര്‍ത്തി ജില്ലകളിലെ 125 പമ്പുകളില്‍. ഇത് വലിയ തോതിലുള്ള നഷ്ടത്തിലേക്കാണ് വഴിയൊരുക്കിയത്. മധ്യപ്രദേശിലൂടെ പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും സംസ്ഥാന അതിര്‍ത്തി പ്രദേശത്തെ ജനങ്ങളും ഇന്ധനം നിറയ്ക്കാന്‍ തൊട്ടടുത്ത സംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ പമ്പുകള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്ക് ചില പമ്പുകളില്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. 15000 ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് സോഫ സെറ്റ്, 100 ഗ്രാം സില്‍വര്‍ കോയിന്‍ എന്നിവയും ലഭിക്കും. 25000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക്ക് വാഷിങ് മെഷിനാണ് സമ്മാനം. 50000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് എസി, ലാപ്പ്ടോപ്പ് എന്നിവയും ലഭിക്കും. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബംബര്‍ സമ്മാനമായി സ്‌കൂട്ടര്‍/ബൈക്കും പമ്പുടമകള്‍ വാഗ്‌ദാനം ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook