മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് വ്യവസായ പ്രമുഖന്‍ കോടിക്കണക്കിന് രൂപ സഹായധനം വാഗ്ദാനം ചെയ്തു. മുംബൈയില്‍ നിന്നുളള മുര്‍ട്ടാസ എ. ഹമീദ് എന്ന വ്യവസായി 110 കോടി രൂപയാണ് സൈനികരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തത്. ഇദ്ദേഹത്തിന് ജന്മനാൽ തന്നെ കാഴ്ച്ച ശക്തിയില്ല. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് അദ്ദേഹം ഇത്രയും തുക സംഭാവന ചെയ്യും.

രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഹമീദ് മുംബൈയിലാണ് ബിസിനസ് ചെയ്യുന്നത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ച് ഇമെയില്‍ സന്ദേശം അയച്ചു. കോട്ടയിലെ ഗവണ്‍മെന്റ് കൊമേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഹമീദ് ഇപ്പോള്‍ മുംബൈയില്‍ ഗവേഷകനായും പ്രവര്‍ത്തിക്കുന്നുണ്ട്.

മാതൃരാജ്യത്ത് സഹായം ആവശ്യമുളളവനെ സഹായിക്കുക എന്ന ചിന്ത ഓരോ പൗരന്റേയും രക്തത്തില്‍ ഉണ്ടാവണമെന്ന് ഹമീദ് പറഞ്ഞു. താന്‍ കണ്ടുപിടിച്ച ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുളള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജിപിഎസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook