ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട സ്കൂളുകളിലൊന്നിൽ നാല് വർഷം മുൻപ് മകന് അഡ്‌മിഷൻ ശരിയാക്കാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച ബിസിനസുകാരൻ പിടിയിലായി. ചാണക്യപുരി സംസ്‌കൃത സ്‌കൂളിന്റെ പരാതിയിലാണ് പൊലീസ് നടപടി.

ഗൗരവ് ഗോയൽ എന്നയാളാണ് മകന് ഫീസിളവിന് വേണ്ടി തന്റെ വീട് ചേരിപ്രദേശത്താണെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇതിന് പുറമേ വ്യാജ വരുമാന സർട്ടിഫിക്കറ്റും വരുമാന നികുതി രേഖകളും ഹാജരാക്കിയിരുന്നു. ഡൽഹിയിൽ 200 സ്കൂളുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ പ്രവേശനം നേടിയതായാണ് റിപ്പോർട്ട്.

ഒരു എംആർഐ സെന്ററിലാണ് തനിക്ക് ജോലിയെന്നും പ്രതിവർഷം 67000 രൂപ മാത്രമാണ് വരുമാനം എന്നുമാണ് ഇയാൾ സ്‌കൂൾ അധികൃതരെ അറിയിച്ചത്. തുടക്കത്തിൽ തന്നെ സ്‌കൂൾ അധികൃതർക്ക് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നതായാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിന്നീട് തന്റെ രണ്ടാമത്തെ മകനെ ഇതേ കാറ്റഗറിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇയാളെ സ്കൂൾ അധികൃതർ പിടികൂടിയത്. ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ഗോയൽ തന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെട്ടുവെന്നും മൂത്ത മകനെ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിക്കൊളളൂവെന്നും പറഞ്ഞു. പുതിയ വീട്ടുവിലാസവും നൽകിയതോടെയാണ് പൊലീസ് പരാതിയുമായി സ്‌കൂൾ അധികൃതർ മുന്നോട്ട് പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ