കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന വെടിവയ്പില്‍ 14 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. അര്‍ധ സൈനിക വേഷത്തിലെത്തിയ ഇരുപതോളം ആയുധധാരികളാണ് ബസുകൾ തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്. കറാച്ചിയില്‍ നിന്ന് ഗ്വാദാറിലേക്ക് പോവുകയായിരുന്ന ബസാണ് ആക്രമണത്തിനിരയായത്.
ബലൂചിസ്ഥാനിലെ തീരദേശ നഗരമായ ഒറാമറയില്‍ വച്ചാണ് ബസുകള്‍ തടഞ്ഞുനിര്‍ത്തിയത്. ആറോളം ബസുകളിലെ യാത്രക്കാര്‍ക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിന് മുന്‍പ് ആയുധധാരികള്‍ ബസ് യാത്രികരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു എന്ന് പൊലീസ് പറയുന്നു. രണ്ട് പേര്‍ അക്രമത്തില്‍ രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകളായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ജാം കമല്‍ പറഞ്ഞു.
കൊല്ലപ്പെട്ടതില്‍ ഒരു നാവികസേനാ ഉദ്യോഗസ്ഥനും തീരരക്ഷാസേനയിലെ ജീവനക്കാരനും ഉള്‍പ്പെടും. ബലൂചിസ്ഥാൻ വിഘടനവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.