ശ്രീനഗർ: ജമ്മു കശ്മീരിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പഹൽഗാം പ്രദേശത്തുവച്ച് ബ്രേക്ക് തകരാറിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റവരെ ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലും (ഐടിബിപി) ഒരാൾ ജമ്മു കശ്മീർ പൊലീസിലുമാണ്. ആറു ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഐടിബിപിയിലെ 37 ഉദ്യോഗസ്ഥരും അമർനാഥ് യാത്രാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജമ്മു കശ്മീർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.