/indian-express-malayalam/media/media_files/2025/12/30/uttarakhand-bus-accident-2025-12-30-19-04-56.jpg)
Uttarakhand Bus Accident Updates
Uttarakhand Bus Accident Updates: അൽമോറ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ദാരുണമായ ബസ് അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. അൽമോറയിലെ ദ്വാരഹട്ടിൽ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് രാവിലെ ഒൻപത് മണിയോടെ അപകടത്തിൽപ്പെട്ടത്.
റോഡിലെ ഒരു വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 19 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആറ് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി എയിംസ് ഋഷികേശിലേക്ക് എയർലിഫ്റ്റ് ചെയ്തു. മറ്റുള്ളവർ ഭിഖിയാസൈൻ സർക്കാർ ആശുപത്രിയിലും രാംനഗറിലുമായി ചികിത്സയിലാണ്.
Also Read:ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ സുപ്രീം കോടതി ഇടപെടൽ; പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വളവിൽ വെച്ച് ബസ് തിരിക്കാൻ ഡ്രൈവർക്ക് സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. ബസിൽ അമിതമായി യാത്രക്കാർ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
ഗോവിന്ദ് വല്ലഭ് (80), പാർവതി ദേവി (75), നന്ദൻ സിംഗ് (65), താര ദേവി (50), ഗണേഷ് (25), ഉമേഷ് (25), ഗോവിന്ദി ദേവി (58) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
Also Read:ഉന്നാവോ കേസ്: സെംഗറിന് ജാമ്യം നൽകിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ
അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. 2019-ൽ രജിസ്റ്റർ ചെയ്ത ഈ ബസിന് മുൻപ് രണ്ട് ട്രാഫിക് നിയമലംഘന പിഴകൾ ലഭിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു.
Read More:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us