ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങി.

വര്‍ണവിസ്മയം തീര്‍ത്ത ബുര്‍ജ് ഖലീഫയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.

യുഎഇ സമയം രാത്രി 8.20 നും 8.40 നുമാണു ബുര്‍ജ് ഖലീഫയില്‍ ‘ഗാന്ധി ഷോ’ നടന്നത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമാണു കഴിഞ്ഞദിവസം ആഘോഷിച്ചത്. അഹിംസയുടെ പാതയില്‍ രാജ്യത്തെ നയിച്ച, ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നു നാടിനെ മോചിപ്പിക്കാന്‍ മുന്നില്‍നിന്നു പോരാടിയ ആ മഹാന്റെ ഓര്‍മകള്‍ക്കു മുന്നില്‍ രാജ്യം ഒന്നടങ്കം അഭിമാനത്തോടെ ശിരസ് നമിച്ചു.

Read Also: മഹാത്മ ഗാന്ധി 1947 ല്‍ ആര്‍എസ്‌എസ് ശാഖ സന്ദര്‍ശിച്ചു, പ്രവര്‍ത്തകരുടെ അച്ചടക്കത്തെ അഭിനന്ദിച്ചു: മോഹന്‍ ഭാഗവത്

ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരമര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയ്ക്കു ശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരംമര്‍പ്പിച്ചു.

“മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ മാനവികതയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ഇനിയും പ്രയത്‌നിക്കും. പുതിയൊരു ലോകം കെട്ടിപ്പടുക്കും” എന്ന് മോദി ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook