കശ്മീർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തിന് പിന്നാലെ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട കശ്മീരിൽ, അദ്ദേഹത്തിന്റെ പിൻഗാമിയും കൊല്ലപ്പെട്ടതായി വിവരം. പുൽവാമ ജില്ലയിലെ ത്രാലിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കങ്ങളിലാണ് സബ്‌സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതായാണ് വിവരം.

വെളളിയാഴ്ച രാത്രി മുതലാണ് സൈമൂ വില്ലേജിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ആദ്യം സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരർ പിന്നീട് വില്ലേജിലെ വീട്ടിൽ ഒളിച്ചു. തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിലാണ് സബ്സറും മറ്റൊരു ഭീകരനും കൊല്ലപ്പെട്ടതെന്നു കരുതുന്നു. സബ്‌സർ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരിന്റെ ചില ഭാഗങ്ങളിൽ കല്ലേറുകൾ ഉണ്ടായതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതിനിടെ, റാംപൂർ സെക്ടറിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ആറു ഭീകരരെ സൈന്യം വധിച്ചുവെന്ന് ആർമി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായി. മണിക്കൂറുകൾക്കൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഈ പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയാണ് സൈനിക നടപടിയിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മാസങ്ങളോളം സംഘർഷം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook