scorecardresearch

വിയര്‍പ്പിന്റെ മണമുളള രത്നം; ഖനനത്തൊഴിലാളി കുഴിച്ചെടുത്തത് 1.5 കോടി രൂപയുടെ രത്നക്കല്ല്

വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇത്രയും മൂല്യമുളള രത്നക്കല്ല് കണ്ടെടുക്കുന്നത്

വിയര്‍പ്പിന്റെ മണമുളള രത്നം; ഖനനത്തൊഴിലാളി കുഴിച്ചെടുത്തത് 1.5 കോടി രൂപയുടെ രത്നക്കല്ല്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഖനനത്തൊഴിലാളിക്ക് 1.5 കോടി രൂപ മൂല്യമുളള വജ്രം ലഭിച്ചു. ബുണ്ടേല്‍ക്കണ്ടില്‍ ഖനനം നടത്തുന്നതിനിടെയാണ് ഇത്രയും രൂപ വിലയുളള വജ്രക്കല്ല് കുഴിച്ചെടുത്തത്. 50കാരനായ മോത്തിലാല്‍ പ്രജാപതിക്കാണ് പന്നയിലെ വജ്ര ഖനന മേഖലയില്‍ നിന്നും രത്നക്കല്ല് ലഭിച്ചത്. പന്ന വജ്രഖനന മേഖലയില്‍ നിന്ന് ലഭിച്ച 42.9 കാരറ്റ് തൂക്കമുളള രത്നക്കല്ല് വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ്. 1961ല്‍ 44.55 കാരറ്റ് തൂക്കമുളള രത്നക്കല്ല് കണ്ടെടുത്തിരുന്നു.

1.5 കോടി രൂപയ്ക്ക് മുകളിലാണ് രത്നക്കല്ലിന്റെ മൂല്യം കണക്കാക്കിയതെന്ന് പന്ന ജില്ല വജ്രഖനന ഓഫീസര്‍ സന്തോഷ് സിങ് വ്യക്തമാക്കി. സര്‍ക്കാര്‍ നിയമം അനുസരിച്ച് രത്നക്കല്ല് ലേലത്തില്‍ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിച്ചത് എന്താണെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് പ്രജാപതി പറഞ്ഞു.

‘മൂന്ന് തലമുറകളായിട്ട് ഖനനസ്ഥലം പാട്ടത്തിന് എടുത്ത് ഞങ്ങള്‍ ഖനനം നടത്തുന്നുണ്ട്. പക്ഷെ മുമ്പെങ്ങും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ദൈവത്തിന്റെ കൃപ കൊണ്ടാണ് ഇത്രയും മൂല്യമുളള രത്നക്കല്ല് ലഭിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ലൊരു വീട് വയ്ക്കാനും ഈ പണം ഉപയോഗിക്കണം,’ പ്രജാപതി പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരേയൊരു വജ്രഖനന മേഖലയാണ് പന്ന.

നവംബറില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രത്നക്കല്ല് ലേലത്തില്‍ വയ്ക്കുക. 11 ശതമാനം നികുതി എടുത്തതിന് ശേഷം ലേലത്തില്‍ കിട്ടുന്ന മുഴുവന്‍ തുകയും പ്രജാപതിക്ക് നല്‍കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാട്ടമെടുത്ത് നടത്തുന്ന ഖനനത്തിനിടെ പല തൊഴിലാളികള്‍ക്കും വജ്രം ലഭിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇത്രയും മൂല്യമുളള രത്നക്കല്ല് കണ്ടെടുക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bundelkhand labourer stumbles upon diamond valued at rs 1 5 crore