റൂസ്: യൂറോപ്യന്‍ യൂണിയനിലെ ഫണ്ട് തിരിമറിയെ കുറിച്ച് ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്ത ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. റൂസിലെ ഡനൂബിലെ ഒരു പാര്‍ക്കിലാണ് 30കാരിയായ വിക്ടോറിയാ മരിനോവയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് അനുവദിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഫണ്ട് തട്ടിപ്പിനെ കുറിച്ച് ഈയടുത്ത് ബള്‍ഗേരിയന്‍ മാധ്യമസംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

ഈ മാധ്യമ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു കൊലപ്പെട്ട വിക്ടോറിയ.  ബലാൽസംഗം ചെയ്യപ്പെട്ടാണ് മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയതെന്ന്  ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ  ജോലി സംബന്ധമായുണ്ടായ കൊലപാതകം ആണ് ഇതെന്ന്  പറയാന്‍ തക്ക  തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് മന്ത്രി മലാദന്‍ മരിനോവ് പറഞ്ഞു. വിക്ടോറിയയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായി  അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബോയ്കോ ബോരിസോവ് പറഞ്ഞു. മികച്ച അന്വേഷണസംഘത്തെയാണ് അയച്ചതെന്നും സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തലയ്ക്ക് ശക്തമായ അടിയേറ്റും ശ്വാസം മുട്ടിയുമാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ജോര്‍ജി ജോര്‍ജീവ് പറഞ്ഞു. ‘തലയ്ക്ക് അടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയിരിക്കുന്നത്. വിക്ടോറിയയുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും കണ്ണടയും ചില വസ്ത്രങ്ങളും കാണാതായിട്ടുണ്ട്,’ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. റൂസ് അടിസ്ഥാനപ്പെടുത്തിയുളള ടിവിഎന്‍ എന്ന ടെലിവിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയാണ് വിക്ടോറിയ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ