കൊൽക്കത്ത: ബംഗാൾ തീരത്ത് കനത്ത നാശനഷ്ടം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ തീരത്തെത്തിയതോടെ കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപരാക്കും ഇടയിൽ ബുൾബുൾ കരതൊട്ടത്.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി ഇതുവരെ രണ്ടു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം 12 മണിക്കൂർ നിർത്തിവച്ചിരുന്നു.

ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ബംഗാൾ തീരങ്ങളിൽ ആഞ്ഞടിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് ദിഘ മേഖലയിൽ കാറ്റുവീശിയത്. സാഗർ ഐലൻഡ് ഭാഗങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലും കൊൽക്കത്തയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ 185 കിലോമീറ്റർ വേഗതയിലും കാറ്റുവീശി.

ഹൗറ, ഹൂഗ്ലി, മുഷിദാബാജി ജില്ലകളിൽ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളും അടിക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിലേക്ക് കടക്കും തോറും കാറ്റിന്‍റെ വേഗത കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേന്ദ്രം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook