ലക്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്‌പി) കൃഷ്ണ ബഹാദൂർ സിങ്ങിനെ ലക്‌നൗവിലെ ഡിജി ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. സീതാപൂർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌പി) പ്രഭാകർ ചൗധരിയെ തൽസ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.

മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. സെയ്ന സർക്കിൾ ഓഫിസർ ഡിഎസ്‌പി സത്യ പ്രകാശ് ശർമ്മയെ മൊറാബാദിലെ പൊലീസ് ട്രെയിനിങ് കോളേജിലേക്കും, ചിങ്‌രാവതി പൊലീസ് സ്റ്റേഷൻ ഇൻ -ചാർജ് സുരേഷ് കുമാറിനെ ലളിത്പുരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഔദ്യോഗിക തലത്തിൽ നിന്നുള്ള ആദ്യ നടപടിയാണ് ഈ സ്ഥലം മാറ്റൽ. സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള എഡിജി എസ്.ബി.ഷിരാദ്കർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബുലന്ദ്ഷഹറിൽ നടന്നത് ആൾക്കൂട്ട ആക്രമണമല്ല അവിടെ സംഭവിച്ചത് ഒരു അപകടം മാത്രമാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ മരണത്തിന് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എന്നാൽ ഗോവധ നിരോധന നിയമപ്രകാരം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെകടറിന്റെ മരണത്തിൽ പ്രതിചേർത്തു ഒൻപതു പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ