ന്യൂഡൽഹി: ബുലന്ദ്ഷഹർ അക്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സൈനികനെ സൈന്യം തടവിലാക്കിയതായി റിപ്പോർട്ട്. 22 രാഷ്ട്രീയ റൈഫിൾസിലെ ജിതേന്ദ്ര മാലിക്കിനെ ജമ്മു കശ്മീരിലെ ഇയാളുടെ യൂണിറ്റിൽതന്നെയാണ് തടവിലാക്കിയതെന്നാണ് സൈനികൾ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഉത്തർപ്രദേശിലെ പ്രത്യക അന്വേഷണ സംഘം എത്തിയാലുടൻ ഇയാളെ കൈമാറും.
ആൾക്കൂട്ട അക്രമത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിൽനിന്നാണ് ജിതേന്ദ്ര മാലിക്കിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം ഉടലെടുത്ത്. അക്രമത്തിനിടയിൽ ഇയാൾ വെടിവയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും പ്രദേശവാസിയായ യുവാവ് സുമിത് കുമാറും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ബുലന്ദ്ഷഹറിലെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്‌പി) കൃഷ്ണ ബഹാദൂർ സിങ്ങിനെ ലക്‌നൗവിലെ ഡിജി ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. സീതാപൂർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌പി) പ്രഭാകർ ചൗധരിയെ തൽസ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.
മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. സെയ്ന സർക്കിൾ ഓഫിസർ ഡിഎസ്‌പി സത്യ പ്രകാശ് ശർമ്മയെ മൊറാബാദിലെ പൊലീസ് ട്രെയിനിങ് കോളേജിലേക്കും, ചിങ്‌രാവതി പൊലീസ് സ്റ്റേഷൻ ഇൻ -ചാർജ് സുരേഷ് കുമാറിനെ ലളിത്പുരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ഔദ്യോഗിക തലത്തിൽ നിന്നുള്ള ആദ്യ നടപടിയാണ് ഈ സ്ഥലം മാറ്റൽ. സംഭവത്തിന്റെ അന്വേഷണ ചുമതലയുള്ള എഡിജി എസ്.ബി.ഷിരാദ്കർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.